അർജുൻ ഇനി കണ്ണീരോർമ്മ; ആഗ്രഹിച്ചു പണിത വീടിന് തൊട്ടരികില്‍ ആയിരങ്ങളെ സാക്ഷിയാക്കി മൃതദേഹം സംസ്‌കരിച്ചു

The body of Arjun who died in a landslide in Shirur was cremated
The body of Arjun who died in a landslide in Shirur was cremated

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന് വിട നൽകി നാട്. അവസാനമായി ഒരു നോക്കു കാണാന്‍ കോഴിക്കോട് കണ്ണാടിക്കലിലെ അർജുന്റെ വീട്ടിലേയ്ക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പൊതുദർശനത്തിന് പിന്നാലെ രാവിലെ 11.30ഓടെയായിരുന്നു സംസ്കാരം.

അർജുന്റെ മൃതദേഹം വഹിച്ച ആംബുലൻസ് ജില്ലാതീർത്തിയായ അഴിയൂരിൽ ശനിയാഴ്ച രാവിലെ ആറോടെയാണെത്തിയത്. മന്ത്രി എ കെ ശശീന്ദ്രൻ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ കെ രമ, ജില്ലാ കലക്ടർ സ്നേഹിൽകുമാർ തുടങ്ങിയവർ മൃതദേഹം ഏറ്റുവാങ്ങി. കാർവാർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽനിന്ന്‌ മൃതദേഹം വഹിച്ച ആംബുലൻസിനെ കേരളാ അതിർത്തി വരെ കർണാടക പൊലീസും അനുഗമിച്ചിരുന്നു.

arjun

എട്ട് മണിയോടെ വീട്ടിൽ പൊതുദര്‍ശനം ആരംഭിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, കെ ബി ഗണേഷ് കുമാര്‍, എം കെ രാഘവന്‍ എംപി, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, അര്‍ജുനായി രക്ഷാപ്രവര്‍ത്തനം നടത്തിയ ഈശ്വര്‍ മാല്‍പെ ഉള്‍പ്പെടെ നിരവധി പേര്‍ അര്‍ജുന് അന്ത്യമോപചാരം അര്‍പ്പിച്ചു. അര്‍ജുന്റെ സഹോദരന്റെ നേതൃത്വത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. 

ജൂലൈ 16ന്‌ അങ്കോളക്കടുത്ത്‌ ഷിരൂരിൽ മണ്ണിടിഞ്ഞ്‌ കാണാതായ അർജുന്റെ മൃതദേഹം 72 ദിവസത്തിനുശേഷം ബുധനാഴ്‌ചയാണ്‌ ഗംഗാവലിപ്പുഴയിൽ കണ്ടെത്തിയത്‌. ഡിഎന്‍എ പരിശോധന നടത്തി   മൃതദേഹഭാഗങ്ങള്‍ അര്‍ജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച ശേഷമാണ്   മൃതദേഹം ബന്ധുക്കള്‍ വിട്ടുനല്‍കിയത്.