തലയോലപ്പറമ്പിൽ വീട് വിട്ടിറങ്ങി അമ്മയും മക്കളും : മുൾമുനയിലായി നാട്, ഒടുവിൽ ആശ്വാസം
POLICE

 

തലയോലപ്പറമ്പ് : പോലീസിനെയും അഗ്‌നിരക്ഷാസേനയെയും വലച്ച് അമ്മയുടെയും രണ്ടു മക്കളുടെയും തിരോധാനം. വീട്ടുവഴക്കിനെത്തുടര്‍ന്ന് വീട്ടില്‍നിന്ന് പോയ ഇവരെ മണിക്കൂറുകള്‍ക്കുശേഷം ചെറുകര പാലത്തിന് സമീപത്ത് സുരക്ഷിതമായി കണ്ടെത്തുന്നതുവരെ നാടാകെ മുള്‍മുനയിലായി.

കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ് 12-ഉം ഏഴും വയസ്സുള്ള മക്കളെയും അമ്മയെയും കാണ്മാനില്ലെന്ന് പോലീസിന് പരാതി ലഭിക്കുന്നത്. വെള്ളൂര്‍ ചെറുകരയിലെ ഇവരുടെ ബന്ധുവീട് കേന്ദ്രീകരിച്ചും സമീപത്തെ പഴയവീടുകളുമെല്ലാം പോലീസിനൊപ്പം നാട്ടുകാരും തിരച്ചില്‍ നടത്തി. ഇതിനിടെ ഒരു പുരയിടത്തില്‍ കുട്ടികളുടെ ബാഗും ചെറുകര പാലത്തിന് സമീപം ഇവരുടെ ചെരിപ്പുകളും, ഫോണും കണ്ടെത്തിയ വിവരം നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. ഉടന്‍ പോലീസ് അവിടെയെത്തി. പോലീസ് നിര്‍ദേശമനുസരിച്ച് അഗ്‌നിരക്ഷാസേന മൂവാറ്റുപുഴയാറ്റിലും പരിസരപ്രദേശങ്ങളിലും തിരച്ചിലാരംഭിച്ചു.

ഒടുവില്‍ ചെറുകര പാലത്തിന് സമീപത്തുനിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു. കുടുംബവഴക്കാണ് ഇവര്‍ വീടുവിട്ടിറങ്ങാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു.

എസ്.ഐ. വിജയപ്രസാദിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ വിജിമോന്‍, മനോജ് കുമാര്‍, പ്രദീപ് കുമാര്‍, രാംദാസ്, സീനിയര്‍ സി.പി.ഒ.മാരായ മനോജ്, രതീഷ്, സജീഷ് എന്നിവര്‍ തിരച്ചിലിന് നേതൃത്വം നല്‍കി.

Share this story