അധ്യാപികയുടെ മാല മോഷ്ടിച്ച കേസ് ; പ്രതി പിടിയില്‍
സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മാര്‍ത്താണ്ഡം അരുമനയില്‍ അധ്യാപികയുടെ നാലു പവന്‍ മാല ഹെല്‍മറ്റ് ധരിച്ചു ബൈക്കിലെത്തി പൊട്ടിച്ചെടുത്ത സംഭവത്തില്‍ പ്രതി പിടിയില്‍. ഇടയ്‌ക്കോട് മാലയ്‌ക്കോട് കാവുവിള സ്വദേശി ജസ്റ്റിന്‍ രാജിനെയാണ് (48) കന്യാകുമാരി എസ്പിയുടെ സ്‌പെഷ്യല്‍ സംഘം പിടികൂടിയത്.
കഴിഞ്ഞ ആഴ്ച സ്‌കൂളിലേക്ക് നടന്നു പോകുമ്പോഴാണ് മഞ്ഞാലുമൂടിന് സമീപം ഹെല്‍മറ്റ് ധരിച്ചു ബൈക്കിലെത്തിയ മോഷ്ടാവ് മുഖത്ത് അടിച്ചു നിലത്തിട്ട ശേഷം അധ്യാപികയുടെ നാലു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ എത്തി അധ്യാപികയെ സമീപത്തെ ആശുപത്രിലെത്തിച്ചു ചികിത്സ നല്‍കി. പൊലീസ് നിരവധി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.