കരമടയ്ക്കുന്നതിന് റവന്യു വകുപ്പിന്റെ പുതിയ ഉത്തരവ്
tax

തിരുവനന്തപുരം : റീസർവേക്കു ശേഷമുള്ള ഭൂമിയുടെ വിസ്തീർണത്തിൽ വ്യത്യാസം വരുമ്പോൾ കരമടയ്ക്കുന്നതു സംബന്ധിച്ചു റവന്യു വകുപ്പ് പുതിയ ഉത്തരവിറക്കി. വിസ്തീർണം കൂടിയാൽ, റീസർവേക്കു മുൻപ് ആധാരപ്രകാരം പോക്കുവരവ് ചെയ്തു കരമൊടുക്കി വന്നതിന്റെ അടിസ്ഥാനത്തിൽ തുടർന്നും കരമൊടുക്കാം.

വിസ്തീർണം കുറഞ്ഞാൽ, കൈവശമുള്ള ഭൂമിക്കു കരമൊടുക്കാൻ സമ്മതമാണെന്ന് അറിയിച്ചു ബന്ധപ്പെട്ട കക്ഷി സത്യവാങ്മൂലം നൽകിയാൽ അപ്രകാരം കരമൊടുക്കി നൽകാമെന്നും അഡീഷനൽ ചീഫ് സെക്രട്ടറി ഈ മാസം 21ന് ഇറക്കിയ ഉത്തരവിൽ പറഞ്ഞു.

അധിക വിസ്തീർണം ക്രമവൽക്കരിക്കുന്നതു സംബന്ധിച്ച് നിയമനിർമാണം സർക്കാരിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും എന്നു റവന്യു മന്ത്രിയുടെ ഓഫിസ് അറിയിച്ചു. റീസർവേക്കു ശേഷം റവന്യു രേഖകളിൽ വിസ്തീർണം കൂടുതൽ വരുന്ന കേസുകളിൽ 5% വരെ തഹസിൽദാർക്കും 5 ശതമാനത്തിനു മുകളിൽ ജില്ലാ കലക്ടർക്കും അധിക വിസ്തീർണം അനുവദിക്കാൻ 2020 സെപ്റ്റംബർ 15ന് ഇറക്കിയ ഉത്തരവ് റദ്ദാക്കി. 1964ലെ സർവേ അതിരടയാള ചട്ടങ്ങൾ പ്രകാരം ഇറക്കിയതായിരുന്നു ഈ ഉത്തരവ്. വിസ്തീർണ വ്യത്യാസം സംബന്ധിച്ച് 1991 സെപ്റ്റംബർ 18നുള്ള റവന്യു ബോർഡ് (സർവേ) സെക്രട്ടറിയുടെ സർക്കുലറും റദ്ദാക്കിയിട്ടുണ്ട്.

റീസർവേക്കു ശേഷം ഭൂമിയുടെ വിസ്തീർണത്തിൽ വ്യത്യാസം വരുന്നത് സ്വാഭാവികമാണ്. ഇതു കാരണം തുടർന്നു കരമൊടുക്കാൻ കഴിയുന്നില്ലെന്ന ആയിരക്കണക്കിനു പരാതികൾ നിലനിൽക്കുന്നു. താലൂക്ക് ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന റീസർവേ പരാതികളിൽ ഭൂരിഭാഗവും വിസ്തീർണ വ്യത്യാസം സംബന്ധിച്ചതാണ്.

Share this story