സ്വിഫ്റ്റിന്റെ നടത്തിപ്പിലും അഴിച്ചുപണിക്ക് ഒരുങ്ങി മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍

google news
swift

തിരുവനന്തപുരം: സിറ്റി സര്‍ക്കുലര്‍ ഇ ബസുകള്‍ക്കു പിന്നാലെ സ്വിഫ്റ്റിന്റെ നടത്തിപ്പിലും കാര്യമായ അഴിച്ചുപണിക്ക്  മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഒരുങ്ങുന്നു .ദീര്‍ഘദൂരപാതകളും പുതിയ ബസുകളും അനുവദിക്കുന്നതില്‍ സ്വിഫ്റ്റിനുള്ള മുന്‍ഗണ അവസാനിപ്പിക്കാൻ ഗതാഗത വകുപ്പ് . ജീവനക്കാരുടെ യൂണിഫോമിലും സര്‍വീസ് നടത്തിപ്പിലുമൊക്കെ മാറ്റമുണ്ടാകും. ദീര്‍ഘദൂര ബസുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് പഴയപടി കെ.എസ്.ആര്‍.ടി.സി.ക്ക് കൈമാറും. സ്വിഫ്റ്റിലെ ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്.

 കാര്യക്ഷമമാക്കുന്നതിനുവേണ്ടിയാണെന്ന് അവകാശപ്പെടുമ്പോഴും മുന്‍ഗാമി ആന്റണി രാജു ചെയ്തതെല്ലാം പുനഃപരിശോധിക്കുന്ന നയത്തിന്റെ ഭാഗമാണ് അഴിച്ചുപണിയെന്നും ആക്ഷേപമുണ്ട്. കെ.എസ്.ആര്‍.ടി.സി. മാനേജ്മെന്റ് ലാഭകരമെന്ന് വിശേഷിപ്പിച്ച പദ്ധതികളാണ് മന്ത്രിമാറിയതോടെ നഷ്ടപ്പട്ടികയിലേക്ക് ഇടംപിടിക്കുന്നത്.

2022 ഫെബ്രുവരിലാണ് സ്വിഫ്റ്റ് തുടങ്ങിയത്. കെ.എസ്.ആര്‍.ടി.സി.ക്ക് കുറഞ്ഞ ചെലവില്‍ ബസും ജീവനക്കാരെയും വാടകയ്ക്ക് നല്‍കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. ഇതിനെ കെ.എസ്.ആര്‍.ടി.സി.യിലേക്ക് ലയിപ്പിക്കണമെങ്കില്‍ ഇടതുമുന്നണിയുടെ അനുമതി വേണ്ടിവരുമെന്നതിനാല്‍ തത്കാലം പ്രവര്‍ത്തനശൈലിയില്‍ മാറ്റംവരുത്തി വഴിയൊരുക്കാനാണ് നീക്കം.

Tags