
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് എറണാകുളത്തെ സെഷൻസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്.
മകൾ വീണക്ക് ഐ.ടികമ്പനി തുടങ്ങാൻ മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്നാണ് ആരോപണം. ഇതിനായി ക്ലിഫ്ഹൗസിലെ അടച്ചിട്ട മുറിയിൽ സംഭാഷണം നടന്നുവെന്നും മുതിർന്ന ഉദ്യോഗസ്ഥരായ നളിനി നേറ്റോവും ശിവശങ്കറും ചർച്ചയിൽ പങ്കെടുത്തുവെന്നും സത്യവാങ്മൂലത്തിലുണ്ട്. എന്നാൽ ഷാർജ രാജകുടുംബത്തിന്റെ എതിർപ്പു കാരണം ബിസിനസ് സംരംഭം തുടങ്ങാൻ കഴിഞ്ഞില്ല. ഇതിന്റെയെല്ലാം വിശദാംശങ്ങളുള്ള തന്റെ ഫോൺ എൻ.ഐ.എ കസ്റ്റഡിയിൽ ആണെന്നും സ്വപ്ന പറയുന്നുണ്ട്.
2017ൽ കേരള സന്ദർശനത്തിനിടെയാണ് ഷാർജ ഭരണാധികരി ക്ലിഫ് ഹൗസിലെത്തിയത്. മുഖ്യമന്ത്രിയും കുടുംബവുമായി പലതവണ ചർച്ച നടത്തിയിട്ടുണ്ട് എന്ന് നേരത്തേ സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
ക്ലിഫ് ഹൗസിൽ എത്തിച്ച ബിരിയാണി ചെമ്പിനെ കുറിച്ചും സത്യവാങ്മൂലത്തിൽ പരാമർശമുണ്ട്. കോൺസുൽ ജനറലിന്റെ വീട്ടിൽ നിന്നാണ് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് കൊണ്ടുപോയത്. ക്ലിയറൻസുകളൊന്നുമില്ലാതെയാണ് അസാധാരണ വലിപ്പത്തിലുള്ള ചെമ്പ് ക്ലിഫ് ഹൗസിലേക്കെത്തിച്ചതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് ഭീഷണികളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചപ്പോഴാണ് സ്വപ്ന സത്യവാങ്മൂലം സമർപ്പിച്ചത്.
സത്യവാങ്മൂലത്തിൽ പറയുന്നത്ഗുരുതര ആരോപണമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു.സത്യാവസ്ഥ വെളിപ്പെടുത്താൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നായിരുന്നു കോൺഗ്രസ് നേതാവ് കെ സുധാകരന്റെ പ്രതികരണം.