ഫോറസ്റ്റ് സ്റ്റേഷനിൽ കഞ്ചാവ് വളർത്തിയതുമായി ബന്ധപ്പെട്ട വിവാദം; റേഞ്ചർക്കും ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കും സസ്പെന്‍ഷൻ

google news
kanjav krishi

പത്തനംതിട്ട: എരുമേലി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ കഞ്ചാവ് വളർത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ റേഞ്ചർക്കും ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കും സസ്പെന്‍ഷൻ. റേഞ്ചർ ബി ആർ ജയൻ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ആര്‍ അജയ് എന്നിവർക്കാണ് സസ്പെൻഷൻ. അഡീഷണൽ പ്രിൻസിപ്പൽ സിസിഎഫിന്‍റെതാണ് ഉത്തരവ്. ഗുരുതര വീഴ്ചകൾ ഇവരുടെ ഭാഗത്തുണ്ടായി എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

അന്വേഷണത്തിൽ കുറ്റകൃത്യം കണ്ടെത്തിയ ശേഷം നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും വ്യക്തിവൈരാഗത്തിന്‍റെ പേരില്‍ അധികാര ദുർവിനിയോഗം നടത്തിയെന്നും കണ്ടെത്തിയിരുന്നു. താൽക്കാലിക ജീവനക്കാരനായിരുന്ന അജേഷാണ് സ്റ്റേഷൻ വളപ്പിൽ കഞ്ചാവ് വളർത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇക്കാര്യം അറിഞ്ഞതിനു ശേഷം റേഞ്ച് ഓഫിസറായിരുന്ന ജയൻ തനിക്കെതിരെ പരാതി നൽകിയവരെ കുടുക്കാൻ ഈ സംഭവം ഉപയോഗിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 

വകുപ്പിനെതിരെ ജയൻ സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തിയെന്നും റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്. കഞ്ചാവ് കൃഷി നടത്തിയ വിവരം അറിഞ്ഞിട്ടും കേസ് എടുക്കാത്തതിനാണ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ആർ. അജയ്‌ക്കെതിരായ നടപടി.

വിവാദത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു ശുപാർശ ചെയ്ത് വനം വിജിലൻസ് റിപ്പോർട്ടു നൽകിയിരുന്നു. എരുമേലി റേഞ്ച് ഓഫിസ്, ഇതിനു കീഴിൽ വരുന്ന പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ എന്നിവിടങ്ങളിലെ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയാണു വനം വിജിലൻസ് നടപടിക്കു ശുപാർശ ചെയ്തത്. റിപ്പോർട്ട് വനം മന്ത്രിക്കും വനം മേധാവിക്കും കൈമാറി. പിന്നാലെയാണ് നടപടി.