ബാറിന്റെ പരിധിയിലെ ഫ്യൂസ് ഊരിയ KSEB ജീവനക്കാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം : സൗജന്യമായി മദ്യം നൽകാത്തതിനു പ്രതികാരമായി ബാർ ഹോട്ടൽ ഉൾപ്പെടുന്ന പ്രദേശത്തേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ച കെ.എസ്.ഇ.ബി. ജീവനക്കാരെ സസ്പെൻഡ് ചെയ്തു. വൈക്കം തലയാഴം ഇലക്ട്രിക്കൽ സെക്ഷനിലെ ഇലക്ട്രിസിറ്റി വർക്കർമാരായ പി.വി.അഭിലാഷ്, പി.സി.സലീംകുമാർ എന്നിവർക്കെതിരേയാണ് നടപടി.
അഭിലാഷും സലീംകുമാറും ബാറിൽനിന്നു മദ്യപിച്ചശേഷം പണം കൊടുക്കാതെ പോകാൻ ശ്രമിച്ചു. ബാർ ജീവനക്കാർ ഇതു തടഞ്ഞതിന്റെ പ്രതികാരമായി ബാറിന്റെ പരിധിയിലുള്ള തലയാഴം 11 കെ.വി. ഫീഡർ ഓഫ് ചെയ്തെന്നും മാധ്യമങ്ങളിൽ വാർത്തവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ഇ.ബി. എം.ഡി. അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലൻസ് ഓഫീസർ നടത്തിയ അന്വേഷണത്തിൽ ജീവനക്കാരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
ചേപ്പാട് ഇലക്ട്രിക്കൽ സെക്ഷനിലെ ഇലക്ട്രിസിറ്റി വർക്കർ പി.സുരേഷ് കുമാറിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആലപ്പുഴ പാണാവള്ളി പഞ്ചായത്തിലെ ഒരു വീട്ടിൽ മദ്യപിച്ചു ചെന്ന് അതിക്രമം കാട്ടിയെന്ന സ്ത്രീയുടെ പരാതിയിൽ സുരേഷ് കുമാറിനെ പ്രതിയാക്കി പൂച്ചാക്കൽ പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.