കൈക്കൂലി വാങ്ങുന്നതിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പിടിയിലായ സുരേഷ് കുമാര്‍

കൈക്കൂലി വാങ്ങുന്നതിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പാലക്കാട് പാലക്കയം വില്ലേജ് അസി സുരേഷ് കുമാര്‍. ലോഡ്ജ് മുറിയില്‍ കണ്ടത്തിയ പണം പൂര്‍ണമായി താന്‍ കൈക്കൂലിയായി വാങ്ങിയതാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
അതേസമയം, ഇയാള്‍ പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണമുണ്ടായേക്കും. കഴിഞ്ഞ ദിവസമാണ് ഏകദേശം ഒരു കോടിയോളം രൂപ കൈക്കൂലിയായി വാങ്ങി ലോഡ്ജില്‍ സൂക്ഷിച്ച സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ അദാലത്തിനിടെ 2500രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ കൈയോടെ പിടിയിലായത്. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് കൈക്കൂലി വാങ്ങിയ പണവും മറ്റ് വസ്തുക്കളും കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം വിജിലന്‍സ് കോടതി സുരേഷ് കുമാറിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടു. 3 വര്‍ഷം മുമ്പാണ് തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാര്‍ പാലക്കയം വില്ലേജ് ഓഫീസില്‍ എത്തുന്നത്. കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയിരുന്ന സുരേഷ് കുമാര്‍ പണം കൊടുത്തില്ലെങ്കില്‍ മാസങ്ങളോളം നടത്തിക്കുമെന്നും ആരോപണമുണ്ടായിരുന്നു.