'തൂക്കുമെന്നു പറഞ്ഞാൽ തൂക്കിയിരിക്കും'; തൃശൂർ പിടിച്ചെടുത്ത് സുരേഷ് ഗോപി; ഒടുവിൽ മലയാളക്കരയിൽ താമരവിരിഞ്ഞു..

suresh gopi1

കേരളമൊട്ടാകെ ആകാംഷയോടെ ഉറ്റുനോക്കിയ മണ്ഡലങ്ങളിൽ ഒന്നായിരുന്നു തൃശൂർ. ശക്തമായ ത്രികോണമത്സരം പ്രതീക്ഷിച്ച മണ്ഡലത്തിൽ മറ്റു സ്ഥാനാർത്ഥികളെ വ്യക്തമായ ഭൂരിപക്ഷം കൊണ്ട് പിന്തള്ളി തുടക്കം മുതൽ മുന്നേറിയത് എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിയായിരുന്നു. ഒടുവിൽ സുരേഷ് ഗോപി വിജയക്കൊടി പാറിക്കുമ്പോൾ തൃശൂർ ജനത ഒന്നാകെ പറയുന്നത് ഇത് അർഹിച്ച വിജയമാണെന്നാണ്.

സുരേഷ് ഗോപിയുടെ വിജയത്തോടെ കേരളത്തിന് ആദ്യമായി ഒരു ബിജെപി ലോക്സഭാം​ഗത്തെയാണ് ലഭിച്ചത്. വോട്ടെണ്ണൽ ആരംഭിച്ച് 4 മണിക്കൂർ പിന്നിട്ടപ്പോഴേക്കും ലീഡ് നില 50,000 ആയി ഉയർത്താൻ സുരേഷ് ​ഗോപിക്ക് കഴിഞ്ഞതോടെ തൃശൂരിലെ വിജയം ബിജെപി ഉറപ്പിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഒരു ഘട്ടത്തിലും സുരേഷ് ഗോപിയുടെ ലീഡ് നിലയിൽ വെല്ലുവിളി ഉയർത്താൻ എൽഡിഎഫിനോ യുഡിഎഫിനോ കഴിഞ്ഞിരുന്നില്ല. ആദ്യാവസാനം സുരേഷ് ഗോപി ആധിപത്യം പുലർത്തി. 

താമരവിരിയിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചിരുന്ന എൽഡിഎഫ് ,യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും സുരേഷ് ഗോപിയെ കടത്തിവെട്ടാൻ സാധിച്ചില്ല. സുരേഷ് ഗോപിയുടെ വിജയം മുന്നിൽ കണ്ട യുഡിഎഫ് സിറ്റിം​ഗ് എംപിയെ മാറ്റി അങ്കത്തട്ടിലേക്ക് കെ. മുരളീധരനെ കൊണ്ടുവന്ന് സുരേഷ് ഗോപിക്കെതിരെ തന്ത്രങ്ങൾ മെനഞ്ഞെങ്കിലും എല്ലാം വെറുതെ ആയെന്നു വേണം പറയാൻ. 

യഥാർത്ഥത്തിൽ ഇത് സുരേഷ് ഗോപിയെന്ന പോരാളിയുടെ വിജയമാണ്. പലരും പലതരത്തിലും അപമാനിക്കാൻ ശ്രമിച്ചിടത്തു നിന്നും തളരാതെ പോരാടിയാണ് ഈ വിജയം കരസ്ഥമാക്കിയത്. മാധ്യമപ്രവർത്തകയുടെ ആരോപണങ്ങളെ വാഴ്‌ത്തിപ്പാടി സ്ത്രീവിരുദ്ധനെന്ന് മുദ്രകുത്തി, മാതാവിന് കൊടുത്ത കിരീടത്തിൽ പൊന്നില്ലെന്ന് പരിഹസിച്ചു ഇവയെല്ലാം സുരേഷ് ഗോപിക്കുള്ളിലെ പോരാളിയെ തളർത്തിയിരുന്നില്ല. പരിഹസിച്ചവർക്കെല്ലാമുള്ള മറുപടിയാണ് വൻ ഭൂരിപക്ഷത്തിലുള്ള ഈ വിജയം. 'ചരിത്രം വഴിമാറും ചിലർ വരുമ്പോൾ' എന്ന പ്രയോഗം കൂടി ഇവിടെ അര്ഥവത്താവുകയാണ്.

Tags