'പറയാൻ സൗകര്യമില്ല' ; തൃശൂർ പൂരം വിവാദത്തിൽ പ്രതികരിക്കാതെ സുരേഷ് ഗോപി
കൊല്ലം : തൃശൂർ പൂരം വിവാദത്തിൽ പ്രതികരിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആംബുലൻസ് വിവാദം സംബന്ധിച്ച കാര്യങ്ങൾ മാധ്യമങ്ങളോട് പറയാൻ സൗകര്യമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പറയാനുള്ളത് സിബിഐയോട് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂര നഗരിയിലേക്ക് താൻ ആംബുലൻസിൽ പോയിട്ടില്ലെന്നും ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയതെന്നുമായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്. ''പൂരം കലക്കല്‍ നിങ്ങള്‍ക്കിത് ബൂമറാങ്ങാണ്. സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ ഞാനവിടെ പോയിട്ടില്ല. സാധാരണ കാറിലാണ് എത്തിയത്.
ജില്ലാ അധ്യക്ഷന്‍റെ സ്വകാര്യ വാഹനത്തിലാണ് അവിടെ എത്തിയത്. ആംബുലന്‍സില്‍ എന്നെ കണ്ട കാഴ്‌ച മായക്കാഴ്‌ചയാണോ യഥാര്‍ഥ കാഴ്‌ചയാണോ എന്നൊക്കെ വ്യക്തമാക്കണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ല.
അത് അന്വേഷിച്ചറിയണമെങ്കില്‍ സിബിഐ വരണം. നേരിടാന്‍ ഞാന്‍ തയ്യാറാണ്. സിബിഐയെ ക്ഷണിച്ചുവരുത്താൻ ചങ്കൂറ്റമുണ്ടോ എന്നും'' സുരേഷ് ഗോപി വെല്ലുവിളിച്ചിരുന്നു.