സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ജയിച്ചപ്പോഴും വേട്ട തുടരുന്നു : കെ. സുരേന്ദ്രൻ

google news
k surendran

ന്യൂഡൽഹി : സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ഇപ്പോൾ അദ്ദേഹം ജയിച്ചു കേന്ദ്രമന്ത്രിയായപ്പോഴും വേട്ട തുടരുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

സുരേഷ് ഗോപിയെ തൃശ്ശൂരിൽ മത്സരിപ്പിക്കാതിരിക്കാനാണ് സത്യജിത്ത്റായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ചെയർമാനാക്കിയതെന്ന വാർത്ത ആദ്യം പ്രചരിപ്പിച്ചു. പിന്നീട് അദ്ദേഹം സ്ഥാനാർഥിയായപ്പോൾ അദ്ദേഹത്തെ തോൽപ്പിക്കാൻ സംസ്ഥാന ഘടകം ശ്രമിച്ചുവെന്ന നരേറ്റീവ് ഉണ്ടാക്കി.

ഇപ്പോൾ കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന ഊഹാപോഹം സൃഷ്ടിക്കുന്നു. ഇതൊന്നും കൊണ്ട് സുരേഷ് ഗോപിയേയോ ബി.ജെ.പിയെയോ തകർക്കാനാവില്ല. കേരളത്തിന് രണ്ട് മന്ത്രിമാരെ നൽകിയത് പ്രധാനമന്ത്രിക്ക് സംസ്ഥാനത്തോടുള്ള കരുതലാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

പിണറായി സർക്കാരിന്റെ അഴിമതിക്കും ജനവഞ്ചനക്കുമെതിരെ ശക്തമായ ജനമുന്നേറ്റത്തിന് ബി.ജെ.പി നേതൃത്വം നൽകും. ഈ കാര്യങ്ങൾ തീരുമാനിക്കാനുള്ള സംസ്ഥാന നേതൃയോഗം അടുത്താഴ്ച നടക്കും. ഇടതു സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ഗുണം ചെയ്തത് യു.ഡി.എഫിനല്ല, എൻ.ഡി.എക്കാണ്.

ബി.ജെ.പിയുടെ വളർച്ചയെ പറ്റി സി.പി.എം പഠിക്കുമെന്ന് പറയുന്നത് വെറുതെയാണ്. ആര് പഠിച്ചാലും പിണറായി വിജയൻ പഠിക്കില്ല. പിണറായി പഠിക്കാത്ത കാലത്തോളം ഒരു മാറ്റവും ഉണ്ടാവില്ല. പ്ലീനത്തി ന്റെ പേരിൽ നാല് ദിവസം സാമ്പാറും വടയും കഴിച്ച് നേതാക്കൾ പഠിച്ചിട്ടും ഒന്നും സംഭവിച്ചില്ല.

പാർട്ടി നേതാക്കളും കുടുംബവും എങ്ങനെ ജീവിക്കണമെന്ന പെരുമാറ്റചട്ടം പ്ലീനത്തിലുണ്ടാക്കി. എന്നാൽ പ്ലീനം പിണറായി വിജയന് മാത്രം ബാധകമായില്ല. പിണറായി വിജയന്റെ ഏകാധിപത്യവും അഴിമതിയും സി.പി.എമ്മിനെ തകർക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Tags