'കുറച്ചുകൂടി നല്ലതെന്തെങ്കിലും ചെയ്തു കൂടേ, പോയി സ്‌കൂളുണ്ടാക്കൂ'; കേരളത്തെ ശകാരിച്ച്‌ സുപ്രിംകോടതി
supreme court

ന്യൂഡല്‍ഹി : നിസ്സാര ഹര്‍ജിയുമായി വരാതെ അടിസ്ഥാന സൗകര്യവും സ്‌കൂളുകളും നിര്‍മിക്കുന്നതില്‍ ശ്രദ്ധ വയ്ക്കണമെന്ന് കേരള സര്‍ക്കാറിനോട് സുപ്രിം കോടതി.അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്കിന് സീനിയോറിറ്റി അനുവദിച്ചത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കവെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരാണ് വിമര്‍ശനമുന്നയിച്ചത്.

താമരശേരി ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ട് എന്‍.എസ്.സുബീറിനു സീനിയോറിറ്റി അനുവദിച്ചതുമായി ബന്ധപ്പെട്ടതാണ് വിഷയം. സുബീറിന്റെ സീനിയോറിറ്റി ശരിവച്ചുകൊണ്ടായിരുന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി. ഇത് ഹൈക്കോടതിയും ശരിവെച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഹരജി പരിഗണിച്ച കോടതി 'ഇതിനേക്കാള്‍ നല്ല കാര്യങ്ങള്‍ ചെയ്തു കൂടേ? സ്‌കൂളുകള്‍ പണിയൂ. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കൂ. ഇത് ആഡംബര വ്യവഹാരമാണ്.' - എന്നാണ് പ്രതികരിച്ചത്. ഹരജി തള്ളവെ 'ഞങ്ങള്‍ നിയമത്തിന്റെ മാത്രമല്ല, നീതിയുടെ കോടതി കൂടിയാണ്' എന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ഓര്‍മിപ്പിച്ചു.സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഹര്‍ഷദ് അമീദ് കോടതിയില്‍ ഹാജരായി.


 


 

Share this story