കെ.എം.ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസിൽ സംസ്ഥാനത്തിന് തിരിച്ചടി ; അപ്പീൽ തള്ളി സുപ്രീം കോടതി

In the plus two corruption case against KM Shaji, the state suffered a setback; The Supreme Court dismissed the appeal
In the plus two corruption case against KM Shaji, the state suffered a setback; The Supreme Court dismissed the appeal

മുസ്ലിം ലീ​ഗ് നേതാവ് കെഎം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസിൽ സംസ്ഥാനത്തിനും ഇഡിക്കും തിരിച്ചടി. കെഎം ഷാജിക്കെതിരായ വിജിലൻസ് കേസ് റദ്ദാക്കിയതിന് എതിരായ ഹർജികൾ സുപ്രീംകോടതി തള്ളി. ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ഒറ്റമൊഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ എന്ന് കോടതി ചോദിച്ചു. 54 സാക്ഷി മൊഴികൾ പരിശോധിച്ചുവെന്നും ഇങ്ങനെയെങ്കിൽ എല്ലാ രാഷ്ട്രീയക്കാരെയും ഒരോ കേസിൽ പ്രതിയാക്കാമല്ലോയെന്നും കോടതി ചോദിച്ചു. എന്നാൽ അന്വേഷണം നടക്കുമ്പോൾ അത് പൂർത്തിയാകാതെ കേസ് റദ്ദാക്കിയത് ശരിയല്ലെന്നായിരുന്നു സംസ്ഥാനത്തിൻ്റെ വാദം.

2014 ൽ കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാൻ കെഎം ഷാജിക്ക് മാനേജ്മെന്റ് കൈക്കൂലി നൽകിയെന്നാരോപിച്ചാണ് സിപിഎം പ്രാദേശിക നേതാവ് 2017 ൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മുസ്ലിംലീഗിൽ പ്രാദേശികമായി പണം പങ്കിട്ടതിനെ ചൊല്ലിയുള്ള തർക്കം എന്ന നിലയിലാണ് വിഷയം ആദ്യം ഉയർന്നത്.

എന്നാൽ ഇത് പിന്നീട് സിപിഎം ഏറ്റെടുക്കുകയായിരുന്നു. പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ 2020 ലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇഡിയും കേസെടുത്തത്. എന്നാൽ 2022 ജൂൺ 19 ന് ഈ കേസിൽ കെഎം ഷാജിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇഡി സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളും, സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദും സുപ്രീം കോടതിയിൽ ഹാജരായി. കെഎം ഷാജിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ നിഖില്‍ ഗോയല്‍, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവരും ഹാജരായി.

Tags