സർക്കാരിന് തിരിച്ചടി ; ഇപി ജയരാജന്‍ വധശ്രമക്കേസിൽ കെ സുധാകരനെതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി

The Supreme Court rejected the petition against K Sudhakaran in the EP Jayarajan assassination attempt case
The Supreme Court rejected the petition against K Sudhakaran in the EP Jayarajan assassination attempt case

ന്യൂഡല്‍ഹി: ഇ.പി. ജയരാജനെ കൊലപ്പെടുത്താൻ ശ്രമിച്ചക്കേസിൽ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ കേരളം നൽകിയ ഹരജി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

രാഷ്ട്രീയകേസ് മാത്രമാണ് ഇതെന്നും അതിൽ കൂടുതലായി മറ്റൊന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത് മുപ്പത് വര്‍ഷം മുന്‍പ് നടന്ന സംഭവമാണെന്നും രാഷ്ട്രീയപരമായ കേസുകളോട് കോടതിക്ക് അനുകൂല സമീപനമില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കുറ്റവിമുക്തനാക്കപ്പെട്ടത് ഉന്നത രാഷ്ട്രീയനേതാവാണെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഇപ്പോള്‍ കേരളം ഭരിക്കുന്നത് ആരാണ് എന്നായിരുന്നു സുപ്രീംകോടതി ചോദിച്ചത്.

വധശ്രമക്കേസിലെ ഗൂഢാലോചന നടന്നത് തിരുവനന്തപുരത്ത് വെച്ചാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ എസ്. നാഗമുത്തുവും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദും ചൂണ്ടിക്കാട്ടി. ഇതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്. അതിനാല്‍ വധശ്രമക്കേസ് ആന്ധ്രയിലെ കോടതി കേട്ടുവെങ്കിലും, വധശ്രമക്കേസിലെ ഗൂഢാലോചന പരിഗണിക്കേണ്ടത് കേരളത്തിലെ കോടതി ആണെന്ന് അഭിഭാഷകർ വാദിച്ചു.

എന്നാല്‍ കേസിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടി ആവശ്യം കോടതി നിരസിച്ചു. ചില വിധിന്യായങ്ങള്‍ കോടതി പരിഗണിക്കണമെന്ന് സീനിയര്‍ അഭിഭാഷകന്‍ നാഗമുത്തു ചൂണ്ടിക്കാട്ടിയപ്പോള്‍, അതെല്ലാം മറ്റൊരു അവസരത്തില്‍ പരിഗണിക്കാം എന്ന് കോടതി വ്യക്തമാക്കി. സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഇ.പി. ജയരാജനും സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു.

Tags