ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല
ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ അനുവദിക്കാതെ സുപ്രീംകോടതി. റിപ്പോർട്ടിൽ കേസ് എടുക്കുന്നതിനെ ചോദ്യം ചെയ്ത് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. സ്‌റ്റേ നൽകുന്ന കാര്യം അടുത്ത തവണ പരിഗണിക്കാമെന്ന് സുപ്രിംകോടതി പ്രതികരിച്ചു.
ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും എതിര്‍കക്ഷികള്‍ക്കും ജസ്റ്റിസുമാരായ വിക്രംനാഥ്, പി ബി വരേല എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസയച്ചു. മൂന്നാഴ്ചയ്ക്കകം മറുപടി നൽകാനാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്ന കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുമായി അഡ്വക്കെറ്റ് ജനറലും അന്വേഷണ ഉദ്യോഗസ്ഥന്മാരും ചേമ്പറില്‍ ചര്‍ച്ച നടത്തുന്നുവെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആരോപണം ഉന്നയിച്ചു. ആരോപണ വിധേയര്‍ക്ക് കേസിന്റെ അന്തിമ റിപ്പോർട്ട് കൈമാറുന്നതുവരെ എഫ്‌ഐആറിന്റെ കോപ്പി നല്‍കരുതെന്ന ഹൈക്കോടതി നിര്‍ദേശം കേട്ടുകേള്‍വിയില്ലാത്തതാണെന്നും മുകുള്‍ റോത്തഗി വാദിച്ചു.
ഹേമകമ്മറ്റിയിൽ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘത്തോടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം സ്വീകരിച്ച നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അടിയന്തിരമായി പരിഗണിക്കണമെന്ന്ചൂണ്ടിക്കാട്ടി സജിമോൻ പാറയിലിന്റെ അഭിഭാഷകൻ കോടതിയിൽ കത്ത് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹർജി ഇന്ന് പരിഗണിക്കാൻ തീരുമാനിച്ചത്.