സുബൈറിന്റെ കൊലപാതക്കേസ് അന്വേഷണം പഴയ വെട്ടുകേസ് പ്രതികളിലേക്ക്; അഞ്ചു പേരെ കേന്ദ്രീകരിച്ച് അന്വേഷണം
subair murder case

പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതക്കേസ് അന്വേഷണം പഴയ വെട്ടുകേസ് പ്രതികളിലേക്ക് നീങ്ങുന്നു. സക്കീര്‍ ഹുസൈന്‍ എന്ന എസ്ഡിപിഐ പ്രവര്‍ത്തകനെ ഇരട്ടക്കുളം തെരുവില്‍ വച്ച് വെട്ടിയ കേസിലെ പ്രതികളെ കേന്ദ്രീകരിച്ചാണ് ഈ അന്വേഷണം. സുദര്‍ശനന്‍, ശ്രീജിത്ത്, ഷൈജു തുടങ്ങി അഞ്ചു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. ഇവര്‍ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയിരുന്നു. ഇതോടെ ഈ കേസിലെ ഏറ്റവും നിര്‍ണായകമായ നീക്കത്തിലേക്കാണ് അന്വേഷണ സംഘം കടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചില സൂചനകള്‍ പൊലീസിന് ഇന്നലെ തന്നെ ലഭിച്ചിരുന്നു. ഇവരുടെ പശ്ചാത്തലമുള്‍പ്പെടെ പൊലീസ് ഇപ്പോള്‍ അന്വേഷണ വിധേയമാക്കികൊണ്ടിരിക്കുകയാണ്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിവിധയിടങ്ങളിലായി പരിശോധനകള്‍ തുടരുകയാണ്. പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നേതൃത്വം നല്‍കുന്ന സംഘത്തില്‍ മൂന്ന് സിഐമാരുണ്ട്. പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ ഡിവൈഎസ്പിമാര്‍ പ്രത്യേക സംഘത്തിന് പുറത്തുനിന്ന് സഹായം നല്‍കും.

കൊലയാളി സംഘത്തില്‍ അഞ്ചുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് കൃത്യത്തിന് ശേഷം പോയതെന്നും പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. കഴിഞ്ഞ നവംബറില്‍ കൊല്ലപെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള കാര്‍ എങ്ങനെ അക്രമികളുടെ കൈവശം എത്തി എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. തൃശൂര്‍ റെയ്ഞ്ച് ഐജി അശോക് യാദവിന്റെ നേതൃത്വത്തില്‍ പാലക്കാട് എസ്പി ഓഫിസില്‍ ഉന്നതതല യോഗം ചേര്‍ന്നു. ജില്ലയിലുടനീളം സുരക്ഷ ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

അതേസമയം, കൊലയാളി സംഘം ഉപയോഗിച്ചത് മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാര്‍ തന്നെയെന്ന് ഭാര്യ അര്‍ഷിക പറഞ്ഞു. സഞ്ജിത്ത് മരിക്കുന്നതിന് മുമ്പ് തന്നെ കാര്‍ വര്‍ക്ക്ഷോപ്പിലായിരുന്നു. എന്നാല്‍ ആരാണ് കാര്‍ ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്നും അര്‍ഷിക പറഞ്ഞു.സഞ്ജിത്ത് മരിക്കും മുമ്പ് കാര്‍ കേടായിരുന്നു. അത് നന്നാക്കാന്‍ വര്‍ക്ക്ഷോപ്പില്‍ നല്‍കി. പിന്നീട് തിരികെ വാങ്ങിയിരുന്നില്ലെന്നും ഏത് വര്‍ക്ക്ഷോപ്പിലെന്നറിയില്ലെന്നും അര്‍ഷിക പറയുന്നു. ഭര്‍ത്താവിന്റെ മരണം ഏല്‍പ്പിച്ച മുറിവില്‍ നിന്നും മോചിതയായിട്ടില്ല. അതിനിടെയാണ് പുതിയ സംഭവവികാസങ്ങളെന്നും അര്‍ഷിക കൂട്ടിച്ചേര്‍ത്തു

Share this story