പാര്‍ലമെന്റില്‍ നേതാജിയുടെ ജന്മവാര്‍ഷികത്തില്‍ പ്രസംഗിച്ച് കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനി

google news
anupama suresh

പെരിയ (കാസര്‍കോട്): പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആശയങ്ങളും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും ഉള്‍ച്ചേര്‍ന്ന മൂന്ന് മിനിട്ട് പ്രസംഗം അനുപമ സുരേഷ് അവസാനിപ്പിക്കുമ്പോള്‍ നിറഞ്ഞ കരഘോഷം. സാക്ഷിയായി സ്പീക്കര്‍ ഓം ബിര്‍ളയും മന്ത്രിമാരും മറ്റ് പാര്‍ലമെന്റ് അംഗങ്ങളും. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച. അപൂര്‍വ്വ നേട്ടത്തിലൂടെ അഭിമാനമായിരിക്കുകയാണ് കേരള കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനി അനുപമ സുരേഷ്.

anupama

ഇന്‍ര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ് വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായ അനുപമ തിരുവനന്തപുരം സ്വദേശിനിയാണ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് 30 വിദ്യാര്‍ത്ഥികളെയാണ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന അനുസ്മരണ ചടങ്ങിലേക്ക് തെരഞ്ഞെടുത്തത്. വിവിധ മത്സരപരീക്ഷകളിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. ഇതില്‍ എട്ട് പേര്‍ക്കാണ് സംസാരിക്കാന്‍ അവസരം ലഭിച്ചത്. അതില്‍ ഇടംപിടിക്കാനായതിന്റെ ആവേശത്തിലും ആഹ്ലാദത്തിലുമാണ് അനുപമ. റിപ്പബ്ലിക് ദിനാഘോഷത്തിലും അനുപമ പങ്കെടുക്കും.

''ഇത്ര വലിയ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് ലഭിച്ചത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും അവിസ്മരണീയമായിരുന്നു. നേതാജിയുടെ ജീവിതത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഞങ്ങളുടെ അനുഭവങ്ങളും ചോദിച്ചറിഞ്ഞു. ചരിത്രത്തില്‍ ഇടംനേടിയവര്‍, കഠിനമായ വെല്ലുവിളികള്‍ മറികടന്നത് എങ്ങനെയെന്ന് മനസിലാക്കുവാന്‍ അവരുടെ ജീവചരിത്രം പഠിക്കണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി''. അനുപമ വിശദീകരിച്ചു. അനുപമയെ വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു അഭിനന്ദിച്ചു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രോത്സാഹനവും മാതൃകയുമാണ് നേട്ടം. വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ കണ്ടെത്തി അവരെ പ്രത്സാഹിപ്പിക്കുന്നതിനും അവസരങ്ങള്‍ ലഭ്യമാക്കുന്നതിനും സര്‍വ്വകലാശാല പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  

Tags