തൃശൂരിലും തിരുവനന്തപുരത്തും നിരവധിപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

google news
dog



തിരുവനന്തപുരം : സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തില്‍ കുറവൊന്നുമില്ല. ഇന്നും വിവിധ പ്രദേശങ്ങളിലായി നിരവധിപ്പേര്‍ക്കാണ് തെരുവുനായയുടെ കടിയേല്‍ക്കേണ്ടി വന്നത്. കൊടുങ്ങല്ലൂരില്‍ ആയൂര്‍വേദ ഡോക്ടര്‍ക്കും മകള്‍ക്കും തെരുവുനായയുടെ കടിയേറ്റു.


 കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഉണ്ണികൃഷ്ണന്‍, മകള്‍ ആതിര എന്നിവര്‍ക്കാണ് പരിക്കേറ്റത്.ആതിരയുടെ രണ്ട് കാലിലും പരിക്കേറ്റു. ഇരുവരെയും ആദ്യം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയും എത്തിച്ച് ചികിത്സ നല്‍കി. നായയെ നിരീക്ഷണത്തിലാക്കി.

സമാനമായ രീതിയില്‍ തിരുവനന്തപുരം വെള്ളനാട് മൂന്ന് പേര്‍ക്ക് തെരുവുനായകളുടെ കടിയേറ്റു. വെള്ളനാട് സ്വദേശികളായ രണ്ട് സ്ത്രീകള്‍ക്കും മേപ്പാട്ടുമല സ്വദേശിക്കുമാണ് കടിയേറ്റത്. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പത്തനംതിട്ട കൊറ്റനാട് അമ്മയേയും മകളെയും കടിച്ച വളര്‍ത്തുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കൊറ്റനാട് സ്വദേശികളായ പുഷ്പ, മകള്‍ രേഷ്മ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. പേ വിഷബാധ സ്ഥിരീകരിച്ചതിന് പിന്നാലെ നായ ഇന്ന് ചത്തു. രണ്ട് ദിവസം മുന്‍പാണ് പുഷ്പയെയും മകള്‍ രേഷ്മയെയും വളര്‍ത്തുനായ കടിച്ചത്. കടിയേറ്റ ഉടനെ ഇരുവര്‍ക്കും പ്രതിരോധ വാക്‌സിന്‍ നല്‍കിയിരുന്നു.  

Tags