സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടരുന്നു : ഇടുക്കിയിൽ 7 പേർക്ക് കടിയേറ്റു
dog

തിരുവനന്തപുരം : സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടരുന്നു. ഇടുക്കി കുമളിയിൽ 7 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. അതേസമയം പേവിഷ പ്രതിരോധത്തിനുള്ള തീവ്രയജ്ഞം ഇന്ന് മുതൽ ആരംഭിക്കു. ആദ്യഘട്ടത്തിൽ 170 ഹോട്ട് സ്പോട്ടുകളിൽ മൃഗങ്ങളുമായി ഇടപഴകുന്നവർക്കായിരിക്കും പ്രത്യേക വാക്സിനേഷൻ നൽകുക. 

ഇടുക്കി കുമളിയിൽ ഇന്ന് ഏഴ് പേരെയാണ് തെരുവുനായ കടിച്ചത്.വലിയകണ്ടം, രണ്ടാം മൈൽ, ഒന്നാം മൈൽ എന്നിവിടങ്ങളിൽ വച്ചാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. പത്തനംതിട്ട ഓമല്ലൂരിൽ വീട്ടുവളപ്പിലേക്ക് ഓടിക്കയറിയ നായ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ്, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. വീടിൻ്റെ ഗേറ്റ് പൂട്ടി നായയെ ഒറ്റപ്പെടുത്തിയ ശേഷം മയക്കുമരുന്ന് കുത്തിവച്ച് നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

ഓമല്ലൂർ സ്വദേശി തുളസി വിജയൻ്റെ വീട്ടിൽ ആണ് പട്ടി കയറിയത്. 62 വയസുള്ള തുളസി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.രാവിലെ 8 മണിയോടെ നായ ഗേറ്റിലൂടെ വീട്ടുവളപ്പിലേക്ക് കയറി. രാവിലെ മുതൽ തന്നെ നായ പേ ലക്ഷണങ്ങൾ കാണിച്ചതോടെ നാട്ടുകാർ വിവരം ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടർന്ന് പട്ടിപിടുത്തക്കാർ എത്തി നായയെ വല വച്ച് പിടികൂടി. തുടർന്ന് മയക്കുമരുന്ന് കുത്തി വെച്ച് നായയെ  സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. അടുത്ത 10 ദിവസം നായയെ നിരീക്ഷിക്കും. ആനയെ മയക്കാൻ ഉപയോഗിക്കുന്ന സൈലസിൻ എന്ന മരുന്ന് കുറഞ്ഞ അളവിൽ നൽകിയാണ് നായയെ മയക്കിയത്. 

Share this story