തെരുവുനായകൾ ക്രമാതീതമായി വർധിക്കാൻ കാരണം എബിസി ചട്ടം നടപ്പാക്കാത്തത് : ജസ്റ്റിസ് സിരിജഗൻ സമിതി

google news
street dog

തിരുവനന്തപുരം: കേരളത്തിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും എ.ബി.സി. ചട്ടങ്ങൾ നടപ്പാക്കാത്തതിനാലാണ് തെരുവുനായകൾ ക്രമാതീതമായി വർധിച്ചതെന്ന് ജസ്റ്റിസ് സിരിജഗൻ സമിതി. പട്ടി പിടുത്തക്കാരെ കിട്ടാനില്ലാത്തതുകാരണമാണ് ചട്ടം നടപ്പാക്കാൻ കഴിയാത്തതെന്ന് പല തദ്ദേശ സ്ഥാപനങ്ങളും അറിയിച്ചതായി സിരിജഗൻ സമിതി സുപ്രീം കോടതിയെ അറിയിച്ചു. കേരളത്തിലെ തെരുവുനായകളുടെ എണ്ണം അടിയന്തരമായി കുറച്ചുകൊണ്ടു വരുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിക്കണമെന്നും സമിതി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

തെരുവുനായകളുടെ എണ്ണം കേരളത്തിൽ ക്രമാതീതമായി വർധിക്കുന്നുവെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ ജസ്റ്റിസ് സിരിജഗൻ സമിതി ചൂണ്ടിക്കാട്ടി. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് സമിതി ചൂണ്ടിക്കാട്ടുന്നത്. 2001-ൽ നിലവിൽവന്ന എ.ബി.സി. ചട്ടങ്ങൾ സുപ്രീം കോടതി ഇടപെടൽ ഉണ്ടാകുന്ന 2015 വരെ ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. വീടുകളിലെ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കാനുള്ള പദ്ധതികളുടെ അഭാവമാണ് നായകൾ വർധിക്കുന്നതിന് രണ്ടാമത്തെ കാരണമായി ജസ്റ്റിസ് സിരിജഗൻ സമിതി ചൂണ്ടിക്കാട്ടുന്നത്. അലക്ഷ്യമായി കളയുന്ന മാലിന്യം തെരുവ് നായകൾക്ക് ഭക്ഷണമാകുന്നുവെന്നാണ് സമിതി ചൂണ്ടിക്കാട്ടുന്നത്.

നിലവിൽ എ.ബി.സി. ചട്ടങ്ങൾ നടപ്പിലാക്കിയാലും തെരുവ് നായകളുടെ എണ്ണം ഉടൻ കുറയാൻ ഇടയില്ല. മൂന്ന് നാല് വർഷമെങ്കിലും കഴിഞ്ഞാലേ അതിന്റെ ഗുണം കിട്ടുകയുള്ളു. ചട്ടം നടപ്പിലാക്കുന്നതിന് പരിശീലനം ലഭിച്ച നായ പിടിത്തക്കാരെ ആവശ്യമുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് പരിശീലനം ലഭിച്ച നായ പിടിത്തക്കാരെ സർക്കാർ ലഭ്യമാക്കണമെന്നും റിപ്പോർട്ടിൽ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

സർക്കാരിന്റെ ഔദ്യോഗിക കണക്കുകളിൽ ഉള്ളതിനേക്കാളധികം തെരുവുനായകൾ കേരളത്തിലുണ്ടെന്നും സമിതി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. നായകളുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. തെരുവുനായകളുടെ എണ്ണം കണക്കാക്കുന്നതിന് ഇപ്പോഴുള്ള നടപടിക്രമങ്ങൾ പരിഷ്കരിക്കണമെന്നും സമിതി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തെരുവുനായകളുടെ കടിയേറ്റവരിൽ വളരെ കുറച്ചുപേർ മാത്രമേ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകുന്നുള്ളുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

Tags