മലയാളികളെ അധിക്ഷേപിക്കുന്ന പ്രസ്താവന ; ബിജെപിയ്ക്ക് വോട്ടിലൂടെ മലയാളികള്‍ പകരം ചോദിക്കുമെന്ന് ടി സിദ്ദിഖ്

google news
ചെന്നിത്തലയുടേത് അതിരുകടന്ന പ്രതികരണമെന്ന് ടി. സിദ്ദിഖ്

ബിജെപി മുക്ത ദക്ഷിണേന്ത്യ വൈകാതെ കാണാമെന്ന് ടി സിദ്ദിഖ് എംഎല്‍എ. കേന്ദ്ര മന്ത്രി ശോഭാ കരന്തലജെയുടെ വിദ്വേഷ പരാമര്‍ശത്തിലാണ് പ്രതികരണം. കേന്ദ്രമന്ത്രി ശോഭാ കരന്തലജെയെ വര്‍ഗീയത വിളമ്പാന്‍ രംഗത്തിറക്കിയ ബിജെപി, അവരുടെ നയം ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുകയാണ്. ഇത്തരം പ്രസ്താവന തിരഞ്ഞെടുപ്പിന് മുന്‍പായി സമൂഹത്തില്‍ വര്‍ഗീയ വിഭജനം നടത്തുന്നതിന് വേണ്ടിയുള്ളത് മാത്രമാണ്. ഇത് മതസൗഹാര്‍ദവും സമാധാനവും തകര്‍ക്കാന്‍ വേണ്ടിയുള്ളതാണെന്ന് ടി സിദ്ദിഖ് പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉപജീവനത്തിനായി കേരളത്തില്‍ വന്ന് തൊഴിലെടുക്കുമ്പോള്‍, ഒരു വാചകം കൊണ്ടുപോലും അവരെ വേദനിപ്പിക്കാനോ അവര്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്താനോ മലയാളികള്‍ തയ്യാറാവുന്നില്ല. രാജ്യത്തിന്റെ സമ്പദ് ഘടനയില്‍ വരെ നിര്‍ണായക പങ്ക് വഹിക്കുന്ന മലയാളികളെ അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയ ബിജെപിക്ക് മലയാളികള്‍ വോട്ടിലൂടെ പകരം ചോദിക്കണം എന്നും ടി സിദ്ദിഖ് പറഞ്ഞു.


ടി സിദ്ദിഖിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം

'തമിഴ്‌നാട്ടിലെ ആളുകള്‍ ബോംബ് ഉണ്ടാക്കാന്‍ പരിശീലനം നേടി ബെംഗളൂരുവിലെത്തി സ്‌ഫോടനങ്ങള്‍ നടത്തുന്നു. കേരളത്തില്‍ നിന്ന് ആളുകളെത്തി കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമസഭയില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ വിളിക്കുന്നു.'

കേന്ദ്രമന്ത്രി ശോഭാ കരന്തലജെയെ ഈ വര്‍ഗീയത വിളമ്പാന്‍ രംഗത്തിറക്കിയ ബി.ജെ.പി, അവരുടെ നയം ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുകയാണ്. ഇത്തരം പ്രസ്താവന തിരഞ്ഞെടുപ്പിന് മുന്‍പായി സമൂഹത്തില്‍ വര്‍ഗീയ വിഭജനം നടത്തുന്നതിന് വേണ്ടിയുള്ളത് മാത്രമാണ്. ഇത് മതസൗഹാര്‍ദവും സമാധാനവും തകര്‍ക്കാന്‍ വേണ്ടിയുള്ളതാണ്. ഇങ്ങനെ പ്രധാനമന്ത്രി മുതല്‍ സംഘപരിവാറിന്റെ ഓരോ പ്രവര്‍ത്തകര്‍ വരെയും തരംതാണ വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നുവെന്നത് രാജ്യത്തിനുതന്നെ അപമാനകരമാണ്.

വിവാദമായതോടെ തമിഴ്‌നാടിനോട് മന്ത്രി മാപ്പ് പറഞ്ഞുകഴിഞ്ഞു. തമിഴനാട്ടുകാരെ പേടിയുണ്ട്. എന്നാല്‍ കേരളത്തിനെതിരായ പ്രസ്താവനയില്‍ മാപ്പുമില്ല, ഖേദവുമില്ല. എന്നാല്‍ കേരളത്തിലെ ബിജെപിക്കാര്‍ മലയാളികള്‍ക്കെതിരാണെന്ന് അവര്‍ക്കറിയാം. ജീവിക്കാന്‍ വേണ്ടി രാജ്യത്തിന് പുറത്തും വിവിധ സംസ്ഥാനങ്ങളിലുമായി തൊഴിലെടുക്കുന്ന മലയാളികളെക്കുറിച്ചാണ് നട്ടാല്‍ കുരുക്കാത്ത നുണയുമായി ഒരു കേന്ദ്രമന്ത്രി രംഗത്തുവന്നിരിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉപജീവനത്തിനായി കേരളത്തില്‍ വന്ന് തൊഴിലെടുക്കുമ്പോള്‍, ഒരു വാചകം കൊണ്ടുപോലും അവരെ വേദനിപ്പിക്കാനോ അവര്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്താനോ മലയാളികള്‍ തയ്യാറാവുന്നില്ല. രാജ്യത്തിന്റെ സമ്പദ് ഘടനയില്‍ വരെ നിര്‍ണായക പങ്ക് വഹിക്കുന്ന മലയാളികളെ അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയ ബിജെപിക്ക് മലയാളികള്‍ വോട്ടിലൂടെ പകരം ചോദിക്കണം.

തേജസ്വി സൂര്യ എന്ന എം പിയും വര്‍ഗീയതയുമായി തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു. ഭരണഘടന തിരുത്തുമെന്ന് പറഞ്ഞ് അനന്ത കുമാര്‍ ഹെഗ്‌ഡേയും കുളം കലക്കാന്‍ ഇറങ്ങിയിട്ടുണ്ട് കര്‍ണ്ണാടകയില്‍. എന്നാല്‍ എല്ലാം തിരിച്ചറിഞ്ഞ് നിയമസഭയിലെന്നവര്‍ പോലെ കര്‍ണ്ണാടക ജനത ബിജെപിയെ കര്‍ണ്ണാടകയില്‍ കുഴിച്ച് മൂടും. ബിജെപി മുക്ത ദക്ഷിണേന്ത്യ വൈകാതെ നമുക്ക് കാണാം.

Tags