പട്ടയ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സംസ്ഥാനം

google news
supream court

ദില്ലി:  പട്ടയ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സംസ്ഥാനം. പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ നിലവിലെ ചട്ടങ്ങൾ പ്രകാരം കഴിയില്ലെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേരളം കോടതിയെ അറിയിച്ചു. നിലവിലെ വസ്തുതകൾ കണക്കിലെടുത്ത് 1964 ലെ ഭൂ പതിവ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ട് വരുമെന്ന്  സംസ്ഥാനം വ്യക്തമാക്കി.

നിലനിൽക്കുന്ന ചട്ട പ്രകാരം കാർഷിക, ഗാർഹിക ആവശ്യങ്ങൾക്ക് മാത്രമേ സർക്കാർ ഭൂമിയുടെ പട്ടയം നൽകാൻ കഴിയൂ. പട്ടയ ഭൂമിയിൽ വീട് വയ്ക്കുന്നതിനും, കാർഷിക ആവശ്യങ്ങൾക്കും മാത്രമാണ് അവകാശം. എന്നാൽ ഖനനം ഉൾപ്പടെ ഭൂമിയ്ക്ക് താഴെയുള്ള പ്രവർത്തങ്ങൾക്ക് പട്ടയ ഭൂമി കൈമാറാൻ 1964 ലെ ചട്ടങ്ങളിൽ വ്യവസ്ഥ ഇല്ലെന്നും സംസ്ഥാന സർക്കാരിന്‍റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വ്യവസ്ഥകൾ ലംഘിക്കുന്നവരുടെ പട്ടയം റദ്ദാക്കാൻ ചട്ടത്തിൽ വ്യവസ്ഥ ഉണ്ടെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ നല്‍കിയ പട്ടയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിക്ക് എതിരെ ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തതത്.

സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ  സി കെ ശശിയാണ് സത്യവാങ്മൂലം സമർപ്പിച്ചത്. നേരത്തെ കേസ് വാദം കേൾക്കുന്നതിനിടെ കോടതി സംസ്ഥാനത്തോട് സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. കേസിൽ ക്വാറി ഉടമകള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ കെ വി വിശ്വനാഥന്‍, വി ഗിരി അഭിഭാഷകരായ ഇ എം എസ് അനാം, എം കെ എസ് മേനോന്‍, ഉഷ നന്ദിനി, മുഹമ്മദ് സാദിഖ് എന്നിവരാണ് ഹാജരാകുന്നത്. പരിസ്ഥിതി പ്രവർത്തകർക്കായി അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ജെയിംസ് ടി തോമസ് എന്നിവരാകും ഹാജരാകുക.

Tags