സംസ്ഥാനത്തെ ആദ്യ പച്ചത്തുരുത്തിന് അഞ്ചു വയസ്

dgfg

ഹരിത കേരളം മിഷൻ സംസ്ഥാനത്തു നടപ്പാക്കിവരുന്ന പച്ചത്തുരുത്ത്  പദ്ധതിയിലെ ആദ്യ പച്ചത്തുരുത്തിനു അഞ്ചു വയസ്.  2019 ജൂൺ 5 ലെ  ലോക പരിസ്ഥി ദിനത്തിൽ തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട്  പഞ്ചായത്തിലെ ഒന്നാം വാർഡായ മണലകം വാർഡിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കോമ്പൗണ്ടിലെ അഞ്ചു സെൻറ്റിൽ നീർമാതളതൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയനാണു പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചത്. 

ആ നീർമാതളം ഉൾപ്പെടെ എല്ലാ ചെടികളും പച്ചത്തുരുത്തിൽ വളർന്നു പൂത്തു പന്തലിച്ചു ചെറുകാടു പോലെയായി. മുള ചെടിയിലും മറ്റു മരങ്ങളിലെ സുരക്ഷിത ചില്ലകളിലും കിളികൾ കൂടു വച്ചു. ശലഭങ്ങളും തുമ്പികളും ചെറുകിളികളും ഉണ്ടെന്നു മാത്രമല്ല പുലർകാലത്തു  കിളികളുടെ വിവിധ ശബ്ദങ്ങളും ഒക്കെയായി ഒരു ജൈവ  വൈവിധ്യ ആവാസ വ്യവസ്ഥ തന്നെ ഇവിടെ രൂപപ്പെട്ടിരിക്കുന്നു. ഔഷധ സസ്യങ്ങളാണ് ഈ പച്ചത്തുരുത്തിൽ ഏറെയും. ആടലോടകം, മൈലാഞ്ചി, വെള്ള പൈൻ, രക്ത ചന്ദനം, മരോട്ടി, അശോകം, വേപ്പ്, അങ്കോലം, അണലിവേഗം, നീർമരുത്, ചിറ്റരത്ത, കർപ്പൂരം, കാഞ്ഞിരം, നാഗദന്തി, യശങ്, നാഗലിംഗമരം തുടങ്ങി അപൂർവ ഔഷധ സസ്യങ്ങൾ ആണ് വളർന്നു വലുതായി നിൽക്കുന്നത്. ഇത് കൂടാതെ പ്രാദേശിക ജൈവ വൈവിധ്യം ഉറപ്പാക്കുന്ന മറ്റു സസ്യങ്ങളും  വളരുന്നുണ്ട്. 

പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളിൽ ഹരിത കേരളം മിഷന്റെ സഫലമായ പദ്ധതിയാണ് പച്ചത്തുരുത്ത്. ഒഴിഞ്ഞുകിടക്കുന്ന സർക്കാർ ഭൂമി, മാലിന്യകേന്ദ്രങ്ങളായി മാറിയ പൊതു ഇടങ്ങൾ,  തരിശുഭൂമി തുടങ്ങിയവ കണ്ടെത്തി  അവിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി എന്നിവയുടെ  സേവനം കൂടി പ്രയോജനപ്പെടുത്തി പ്രാദേശിക ജൈവ വൈവിധ്യം ഉറപ്പാക്കി കൂട്ടമായി  തൈകൾ നട്ടുവളർത്തുന്ന പദ്ധതിയാണ് പച്ചത്തുരുത്ത്. 2050 ൽ സംസ്ഥാനം കാർബൺ ന്യൂട്രൽ എമിഷൻ അവസ്ഥ കൈവരിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാണ് പച്ചത്തുരുത്തുകൾ. 

അഞ്ചു വർഷം  പിന്നിടുമ്പോൾ പദ്ധതിയിലൂടെ സംസ്ഥാനമൊട്ടാകെ വിവിധ ഇടങ്ങളിലായി  850 ഏക്കർ വിസ്തൃതിയിൽ  2950 പച്ചത്തുരുത്തുകൾ ഹരിതകേരളം മിഷൻ വച്ചുപിടിപ്പിച്ചിട്ടുണ്ട്.  ഈ വർഷം ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായും തുടർന്നുള്ള ദിവസങ്ങളിലുമായി 1000 പച്ചത്തുരുത്തുകൾക്കു കൂടി തുടക്കം കുറിക്കുമെന്ന് നവകേരളം കർമ്മ പദ്ധതി കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സനുമായ ഡോ. ടി എൻ സീമ അറിയിച്ചു.

Tags