ശ്രീനിവാസൻ കൊലക്കേസ് : ആയുധം കൊണ്ടുവന്ന കാറിന്റെ ഉടമ അറസ്റ്റിൽ
Sat, 14 May 2022

പാലക്കാട്: ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ കൊലപാതകത്തിനായി ആയുധം കൊണ്ടുവന്ന കാറിന്റെ ഉടമ അറസ്റ്റിൽ. പട്ടാമ്പി സ്വദേശി നാസറാണ് അറസ്റ്റിലായത്. കാർ ഇന്ന് രാവിലെ പട്ടാമ്പിയിൽ വച്ച് കണ്ടെത്തിയിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി. പ്രതിക്ക് കൊലപാതകത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്ക് ഗൂഢാലോചനയിലും പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഏപ്രിൽ 16ന് ഉച്ചയ്ക്കാണ് ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന ശ്രീനിവാസനെ ഒരുസംഘം കടയിൽ കയറി വെട്ടിക്കൊന്നത്. ഏപ്രിൽ 15ന് കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.