ശതാഭിഷേക നിറവിൽ മലയാളത്തിന്റെ പ്രിയ കലാകാരൻ ശ്രീകുമാരൻ തമ്പി..

sreekumaran thambi

ചലച്ചിത്രഗാനങ്ങളിലൂടെ മലയാള ഭാഷയുടെ മാദക ഭംഗി കേൾവിക്കാരിലേക്ക് ചൊരിഞ്ഞു നൽകിയ അതുല്യപ്രതിഭ ശ്രീകുമാരൻ തമ്പി ശതാഭിഷിക്തനാകുന്നു. ഗാനരചയിതാവ് എന്നതിന് പുറമെ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീത സംവിധായകൻ, ടെലിവിഷൻ സീരിയല്‍ നിർമ്മാതാവ് എന്നീ സമസ്ത മേഖലയിലും കയ്യൊപ്പ് പതിപ്പിച്ച പ്രതിഭയാണ് പുന്നൂർ പത്മനാഭൻ തമ്പി എന്ന ശ്രീകുമാരൻ തമ്പി.

sreekumaran thambi 1

പതിനൊന്നാം വയസ്സുമുതലേ കവിതയെഴുതിരുന്ന അദ്ദേഹം പി സുബ്രഹ്‍മണ്യം നിര്‍മ്മിച്ച് സംവിധാനം ചെയ്ത് 1966 ല്‍ പുറത്തെത്തിയ കാട്ടുമല്ലിക എന്ന ചിത്രത്തിലൂടെയാണ് ഗാനരചയിതാവായി അരങ്ങേറിയത്. തൊട്ടടുത്തവർഷം ഇറങ്ങിയ ചിത്രമേള എന്ന സിനിമയിലെ പാട്ടുകള്‍ മുന്നോട്ടുള്ള സിനിമാജീവിതത്തില്‍ വഴിത്തിരിവായി. തുടർന്ന് മൂവായിരത്തിലേറെ പാട്ടുകള്‍ക്ക് അദ്ദേഹം വരികള്‍ എഴുതി. ഇ​​ല​​ഞ്ഞി​​പ്പൂ​​മ​​ണ​​മൊ​​ഴു​​കി വ​​രും, ഈശ്വരനൊരിക്കൽ,സന്ധ്യക്കെന്തിനു സിന്ദൂരം, മലരക്കോടിപോലെ..,പൂവിളി പൂവിളി , അകലെ അകലെ ,  ബന്ധുവാര് ശത്രുവാര് തുടങ്ങി സ്നേഹവും പ്രണയവും കാമവും വാത്സല്യവും ഭക്തിയും യുക്തിയും വിരഹവുമെല്ലാം കാവ്യഭംഗിയില്‍ നിറഞ്ഞ അദ്ദേഹത്തിന്റെ വരികൾ  ഇന്നും ഏറെയിഷ്ടത്തോടെയാണ് മലയാളികൾ ഏറ്റുപാടുന്നത്. ജി ദേവരാജൻ, ദക്ഷിണാമൂർത്തി, എം കെ അർജുനൻ തുടങ്ങിയ പ്രതിഭകൾക്കൊപ്പം പ്രവർത്തിച്ചു.

sreekumaran

പ്രേം നസീറിനെ നായകനാക്കി, സ്വന്തമായി നിര്‍മ്മിച്ച് 1974 ല്‍ പുറത്തെത്തിയ ചന്ദ്രകാന്തം എന്ന സിനിമയിലൂടെയാണ് ശ്രീകുമാരന്‍ തമ്പി സംവിധായകന്റെ മേലങ്കിയണിഞ്ഞത്. പിന്നീട് മുപ്പതോളം സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹം എണ്‍പതിലേറെ സിനിമകള്‍ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കി. ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചു. നാല് കവിതാസമാഹരങ്ങളും രണ്ടു നോവലുകളും രചിച്ചു. 

ചലച്ചിത്രങ്ങൾക്കു പുറമേ, ടെലിവിഷൻ പരമ്പരകൾക്കായും സംഗീത ആൽബങ്ങൾക്കായും ശ്രീകുമാരൻ തമ്പി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം നടന്ന പ്രതിഭയ്ക്ക് ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്കാരമടക്കം ലഭിച്ചു. ജീവിതം ഒരു പെന്‍ഡുലം എന്ന ആത്മകഥയ്ക്ക് കഴിഞ്ഞ തവണത്തെ വയലാര്‍ പുരസ്കാരവും ലഭിച്ചിരുന്നു.