ഹേമ കമ്മിറ്റിക്ക് മുമ്പിൽ മൊഴി നൽകാത്തവർക്കും ചൂഷണത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകാം : ഹൈകോടതി

high court
high court

കൊച്ചി : ഹേമ കമ്മിറ്റിക്ക് മുമ്പിൽ മൊഴി നൽകാത്തവർക്കും സിനിമ മേഖലയിലെ ചൂഷണത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകാമെന്ന് ഹൈകോടതി. മൊഴി നൽകിയവർക്ക് ഭീഷണിയുണ്ടെങ്കിൽ ഇക്കാര്യം അറിയിക്കാൻ കോടതി നിയോഗിച്ച നോഡൽ ഓഫിസറെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകാത്തവർക്കും പുതിയ പരാതികള്‍ നോഡല്‍ ഓഫിസര്‍ക്ക് മുന്നില്‍ ജനുവരി 31 വരെ നല്‍കാം. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, സി.എസ് സുധ എന്നിവിരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

എ.ഐ.ജി ജി. പൂങ്കുഴലിയെയാണ് നോഡൽ ഓഫിസർ ആയി നിയമിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 50 കേസുകള്‍ റജിസ്റ്റര്‍ ചെയ്തെന്നും നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്നും ഹൈകോടതിയെ സർക്കാർ അറിയിച്ചു.

സാക്ഷികള്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ നോഡല്‍ ഓഫിസര്‍ ഇക്കാര്യം പ്രത്യേക അന്വേഷണ സംഘത്തെ അറിയിക്കാനും കോടതി നിർദേശിച്ചു. ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ കക്ഷി ചേരാൻ നടി രഞ്ജിനി നൽകിയ അപേക്ഷയും കോടതി പരിഗണിച്ചു.

Tags