കേരള നിയമസഭാ പുസ്തകോത്സവം ഉള്ളടക്കത്തിലും സംഘാടനത്തിലും മികച്ച പ്രതികരണം: സ്പീക്കർ എ എൻ ഷംസീർ
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ കഴിഞ്ഞ പതിപ്പുകളെ പോലെതന്നെ മൂന്നാം പതിപ്പും ഉള്ളടക്ക മേന്മയിലും സംഘാടനത്തിലും ഏറെ മികച്ചതായിരുന്നുവെന്നാണ് വിവിധ മേഖലകളിൽ നിന്നും ലഭിച്ച പ്രതികരണങ്ങൾ സൂചിപ്പിക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.
നമ്മുടെ പുസ്തകോത്സവത്തെ മാതൃകയാക്കി കർണാടക പുസ്തകോത്സവം സംഘടിപ്പിക്കാൻ ആലോചിക്കുന്നതായി കർണാടക സ്പീക്കർ യു. ടി. ഖാദർ ഫരീദ് അറിയിച്ചത് അഭിമാനകരമാണ്.
പുസ്തകോത്സവത്തിന്റെ ഭാഗമായി ഏഴു വേദികളിലായി നടന്ന പാനൽ ചർച്ചകൾ, ഡയലോഗ്‌സ്, ടോക്ക്‌സ്, മീറ്റ് ദി ഓതർ എന്നിങ്ങനെ എഴുപതോളം വിവിധ സെഷനുകളിൽ ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധേയരായവർ ഉൾപ്പെടെ 180 അതിഥികൾ പങ്കെടുത്തു. 311 പുസ്തക പ്രകാശനങ്ങളും 54 പുസ്തക ചർച്ചകളും സംഘടിപ്പിച്ചു. പുസ്തക പ്രകാശനത്തിനും ചർച്ചയ്ക്കുമായി 1,600 അതിഥികൾ നിയമസഭാങ്കണത്തിൽ എത്തിയതായി കണക്കാക്കുന്നു. 169 പ്രസാധകർക്കായി 266 സ്റ്റാളുകളും 18 ഫുഡ്സ്റ്റാളുകളും ക്രമീകരിച്ചിരുന്നു.
മൂന്നാം പതിപ്പിൽ പുതുതായി ആരംഭിച്ച സ്റ്റുഡന്റസ് കോർണർ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പുസ്തകോത്സവത്തിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥിനികളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് പഴയ അസംബ്ലി ഹാളിൽ ഒരു മാതൃക നിയമസഭ സംഘടിപ്പിച്ചു. കൂടാതെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി സംഘടിപ്പിച്ച ക്വിസ് മത്സരങ്ങളിൽ 1,500 ലധികം പേർ പങ്കെടുത്തു.
ജനുവരി 13ന് നടന്ന പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ പ്രശസ്ത നടൻ പ്രകാശ് രാജ്, പ്രശസ്ത ശ്രീലങ്കൻ സാഹിത്യകാരി വി വി പത്മസീലി എന്നിവർ സന്നിഹിതരായിരുന്നു.
പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് 2026 ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിക്കുമെന്ന് സ്പീക്കർ അറിയിച്ചു. പുസ്തകോത്സവവുമായി സഹകരിക്കുകയും അർഹമായ പ്രചാരണം നൽകി വൻവിജയമാക്കാൻ സഹായിക്കുകയും ചെയ്ത എല്ലാ പത്ര ദൃശ്യ ശ്രവ്യ ഓൺലൈൻ മാധ്യമാങ്ങളോടും സ്പീക്കർ നന്ദി അറിയിച്ചു.