സീതാറാം യച്ചൂരി ഉപയോഗിച്ചത് ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയുടെ വാഹനമെന്ന് ബിജെപി
sitaram yechury

കണ്ണൂർ : സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കവേ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉപയോഗിച്ച വാഹനം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ആളുടേത് ആണെന്ന ആരോപണവുമായി ബിജെപി. സിപിഎം - എസ്ഡിപിഐ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള കൊടുക്കൽ വാങ്ങൽ നടന്നതെന്നു ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് ആരോപിച്ചു.

‘യച്ചൂരി യാത്ര ചെയ്ത വാഹനം കോഴിക്കോട് ഇരിങ്ങണ്ണൂർ കുഞ്ഞിപ്പുരമുക്ക് സ്വദേശിയുടേതാണ്. സൈനികനെ തട‍ഞ്ഞു വച്ചു മർദിച്ചത് അടക്കം നാദാപുരം സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ഒട്ടേറെ കേസുകളിൽ പ്രതിയാണ് ഇയാൾ. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ നിർദേശപ്രകരം ആണ് വാഹനം എത്തിച്ചത്.

സിപിഎമ്മുമായി പുലബന്ധമില്ലാത്ത ഇയാൾ പകൽ മുസ്‌ലിം ലീഗിന്റെയും രാത്രിയിൽ എസ്ഡിപിഐയുടെയും പ്രവർത്തകനാണ്. സിപിഎമ്മുമായി രഹസ്യ ബന്ധം നിലനിർത്തുന്നു. ഇയാൾക്കെതിരായ കേസുകൾ ഒതുക്കിത്തീർക്കാൻ പലതവണ മധ്യസ്ഥത വഹിച്ചതു സിപിഎം നേതാക്കളാണ്’. കേസ് ഒഴിവാക്കാനുള്ള ഒത്തുകളിയുടെ ഭാഗമാണോ ഇത്തരം കൊടുക്കൽ വാങ്ങലുകൾ എന്നു സിപിഎം നേതൃത്വം വ്യക്തമാക്കണമെന്നും ഹരിദാസ് പറഞ്ഞു.

Share this story