സിൽവർലൈൻ ഭൂമാഫിയയ്ക്ക് വേണ്ടിയെന്ന് ശ്രീധർ രാധാകൃഷ്ണൻ

google news
silverline

തിരുവനന്തപുരം : സിൽവർലൈൻ പദ്ധതി കൊണ്ടുവരുന്നതു ഭൂമാഫിയയ്ക്കുവേണ്ടിയാണെന്ന് പരിസ്ഥിതിപ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ ആരോപിച്ചു. നിർദിഷ്ട റെയിൽവേ സ്റ്റേഷനുകൾക്കു സമീപം 1000 ഏക്കർ വരെ ഭൂമി വാങ്ങിക്കൂട്ടിയവരുണ്ടെന്നും ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച ജനകീയ സംവാദത്തിൽ അദ്ദേഹം ആരോപിച്ചു.കാശുള്ളവർ ഏതു പദ്ധതി വന്നാലും അതിനടുത്തു സ്ഥലം വാങ്ങുമെന്നും അതു പറഞ്ഞ് പദ്ധതി മുടക്കരുതെന്നും തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ തിരിച്ചടിച്ചു.

ആദ്യത്തെ സാധ്യതാ റിപ്പോർട്ടിൽ മാറ്റം വരുത്തിയതു ചെലവു കുറയ്ക്കാനെന്ന പേരിലാണെന്നും എന്നാൽ ചെലവു കുറച്ചതു വ്യാജവിവരങ്ങൾ വച്ചാണെന്നും ശ്രീധർ രാധാകൃഷ്ണൻ പറഞ്ഞു. പദ്ധതിയുടെ 93% കടന്നുപോകുന്നതു ദുർബലമായ മണ്ണിലൂടെയാണെന്നു വിശദപദ്ധതിരേഖയിൽ (ഡിപിആർ) പറയുമ്പോഴും, ഉറപ്പുള്ള മണ്ണിലെ നിർമാണരീതിയാണു നിർദേശിച്ചിരിക്കുന്നത്. ഇതു ചെലവു കുറച്ചു കാണിക്കാനാണ്. ഭൂമിയേറ്റെടുക്കാൻ വേണ്ടിവരുന്ന തുകയും കുറച്ചു കാണിച്ചു. ഡിപിആർ തിരുത്തുകയല്ല, തള്ളിക്കളയുകയാണു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

റെയിൽവേ ബോർഡിന്റെ അംഗീകാരത്തിനായി കെ–റെയിൽ സമർപ്പിച്ച രേഖ സാധ്യതാ പഠന റിപ്പോർട്ട് മാത്രമാണെന്നു സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി.ഐസക് പറഞ്ഞു. ഡിപിആർ ആകണമെങ്കിൽ വിശദമായ ഡ്രോയിങ്ങും ഡിസൈനും വേണം. സിൽവർലൈൻ കേരളത്തെ വിഭജിക്കുമെന്നും വെള്ളപ്പൊക്കത്തിനു കാരണമാകുമെന്നുമുള്ള വാദങ്ങളിൽ കഴമ്പുണ്ട്.

പദ്ധതിയുടെ കൂടുതൽ ഭാഗവും വയഡക്ട് വഴിയാകുന്നതാണു നല്ലത്. സ്റ്റേഷനുകൾ നിർണയിച്ചതിൽ പ്രശ്നമുണ്ടെന്നും ഡോ. കുഞ്ചെറിയ പറഞ്ഞു. നേരത്തേ കെ–റെയിൽ സംഘടിപ്പിച്ച സംവാദത്തിൽ പദ്ധതിയെ അനുകൂലിച്ചു വാദങ്ങൾ അവതരിപ്പിച്ചയാളാണ് ഡോ. കുഞ്ചെറിയ.

പൂർണമായും കെ–റെയിലിനു വഴങ്ങിയാണു സിസ്ട്ര രണ്ടാമത്തെ സാധ്യതാ പഠന റിപ്പോർട്ടും ഡിപിആറും തയാറാക്കിയതെന്നു സിസ്ട്രയുടെ മുൻ ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടർ അലോക് കുമാർ വർമ പറഞ്ഞു. സിസ്ട്ര സംഘത്തിൽ അതിവേഗ റെയിൽ പദ്ധതി കൈകാര്യം ചെയ്ത ആരും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

നിലവിലെ റെയിൽപാതയ്ക്കു സമാന്തരമായി പാതകൾ നിർമിക്കണമെന്ന നിർദേശം ആവർത്തിച്ച ശാസ്ത്ര സാഹിത്യ പരിഷത് മുൻ പ്രസിഡന്റ് ഡോ. ആർ.വി.ജി.മേനോൻ, ഈ പാതകൾ വന്നാലുള്ള മെച്ചം വിവരിച്ചു. ഏറ്റവും വിനാശകരമായ പദ്ധതിയെന്ന നിലയിലാണു സിൽവർലൈനിനെ എതിർക്കുന്നതെന്നു സാമൂഹിക നിരീക്ഷകൻ ജോസഫ് സി.മാത്യു പറഞ്ഞു.

പദ്ധതിയുടെ എംബാങ്ക്മെന്റിന്റെ ഉയരം നോക്കുമ്പോൾ, പ്രളയക്കെടുതി അനുഭവിച്ചവർക്കെല്ലാം ആശങ്കയുണ്ട്. വൈദ്യുതി ഉപയോഗിച്ചാണു സിൽവർലൈൻ ഓടേണ്ടത്. കൽക്കരിക്ഷാമംകൊണ്ടുള്ള വൈദ്യുതി പ്രതിസന്ധി കേരളവും അനുഭവിക്കുന്നതാണ്. സോളർ മാർഗമാണ് ആലോചിക്കുന്നതെങ്കിൽ ഒരു ലക്ഷം കോടി രൂപയെങ്കിലും അതിനു മാത്രം മാറ്റിവയ്ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

എതിർത്ത പദ്ധതികളൊക്കെ പിന്നീടു വലിയ ചെലവോടെ തിരിച്ചുവന്നതാണു കേരളത്തിന്റെ ചരിത്രമെന്നും കണ്ണടച്ച് എതിർക്കരുതെന്നും രഘുചന്ദ്രൻ നായർ പറഞ്ഞു. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമെന്ന പോലെയാണു ഗതാഗത പദ്ധതിക്കും സർക്കാർ പണം മുടക്കുന്നത്. അതിന്റെ ലാഭത്തെക്കുറിച്ചു ചോദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവർത്തകൻ എം.ജി.രാധാകൃഷ്ണൻ മോഡറേറ്ററായിരുന്നു. ജനകീയ പ്രതിരോധ സമിതി ഭാരവാഹികളായ ഡോ. എം.പി.മത്തായി, എം.ഷാജർഖാൻ എന്നിവരും പങ്കെടുത്തു.

Tags