സിൽവർലൈൻ വിഷയം : അനുകൂലിക്കുന്നവരെയും വിമർശകരെയും ഉൾപ്പെടുത്തി തുറന്ന സംവാദം 28ന്

google news
silverline

തിരുവനന്തപുരം : സിൽവർലൈൻ വിരുദ്ധസമരം പലയിടത്തും ശക്തമാകുന്നതിനിടെ, വിമർശകരെയും ക്ഷണിച്ചുവരുത്തി പദ്ധതിയെക്കുറിച്ചു തുറന്ന സംവാദമൊരുക്കാൻ കെ–റെയിൽ. പദ്ധതിയെ എതിർക്കുന്നവരെയും അനുകൂലിക്കുന്നവരെയും ഉൾപ്പെടുത്തി, ക്ഷണിക്കപ്പെട്ട സദസ്സിനു മുൻപിൽ പാനൽ സംവാദം നടത്തും. 28 നു തിരുവനന്തപുരത്താകും സംവാദം. ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും’ എന്ന പേരിലാണു സംവാദം.

സിൽവർലൈനിനെ എതിർക്കുന്നവരെ പ്രതിനിധീകരിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റും അനെർട്ട് മുൻ ഡയറക്ടറുമായ ഡോ.ആർ.വി.ജി.മേനോൻ, റെയിൽവേ മുൻ ചീഫ് എൻജിനീയർ അലോക് വർമ, സാമൂഹിക നിരീക്ഷകൻ ജോസഫ് സി.മാത്യു എന്നിവരെയാണു ക്ഷണിച്ചത്. അനുകൂലിക്കുന്ന വിദഗ്ധരായി റെയിൽവേ ബോർഡ് മുൻ അംഗം സുബോധ് കുമാർ ജെയിൻ, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻനായർ എന്നിവർ പങ്കെടുക്കും.

ഡിജിറ്റൽ സർവകലാശാലാ വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥിനെ പാനലിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, കേരളത്തിൽ ഇല്ലാത്തതിനാൽ പകരം മറ്റൊരാളെ വയ്ക്കും. ശാസ്ത്ര, സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഫ.കെ.പി.സുധീറാണു മോഡറേറ്റർ. ക്ഷണിക്കപ്പെട്ട 50 പേർക്കും മാധ്യമങ്ങൾക്കും പങ്കെടുക്കാം.

മുഖ്യമന്ത്രിയുടെയും മറ്റും സാന്നിധ്യത്തിൽ ക്ഷണിക്കപ്പെട്ട സദസ്സിനു മുൻപിൽ പദ്ധതിയെക്കുറിച്ചുള്ള വിശദീകരണം മാത്രമാണ് ഇതുവരെ നടന്നത്. പദ്ധതിയെ എതിർക്കുന്നവരെ ഇത്തരം സദസ്സിലേക്കു ക്ഷണിച്ചില്ലെന്നു വിമർശനമുയർന്നു. സംവാദത്തിനു കെ– റെയിൽ അവസരമൊരുക്കുന്നത് ആദ്യമാണ്. കെ–റെയിലിന്റെ ഭാഗത്തുനിന്ന് ആരും സംവാദത്തിൽ പങ്കെടുക്കില്ല. സംവാദം നിഷ്പക്ഷമാകുന്നതിനുവേണ്ടിയാണു വിട്ടുനിൽക്കുന്നതെന്നാണു വിശദീകരണം. തങ്ങളുടെ നേതാക്കളുമായി ചർച്ചയ്ക്ക് അവസരമൊരുക്കണമെന്ന ആവശ്യം സമരസമിതി ഉന്നയിച്ചിട്ടുണ്ട്.

Tags