സിൽവർ ലൈനിൽ സംശയം തീർക്കാൻ ഓൺലൈൻ സംവാദം; ഫെയ്സ്ബുക്ക്, യൂട്യൂബ് വഴി തത്സമയം ചോദ്യങ്ങൾ ചോദിക്കാം
k rail

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് വേണ്ടി ഓൺലൈൻ സംവാദവുമായി കെ റെയിൽ. 'ജനസമക്ഷം സിൽവർ ലൈൻ' എന്ന് പേരിട്ടിരിക്കുന്ന തത്സമയ സംവാദത്തിൽ പദ്ധതിയെ സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി നൽകും. സംശയങ്ങൾ കെ റെയിലിന്റെ ഫെയ്സ്ബുക്ക്, യൂട്യൂബ് പേജുകളിൽ കമന്റുകളായി ചോദിക്കാം.

പദ്ധതി സംബന്ധിച്ച സംശയങ്ങൾ അകറ്റാനുള്ള നടപടിയുടെ ഭാഗമായാണ് ഓൺലൈൻ വഴിയുള്ള സംവാദം. നേരത്തെ 14 ജില്ലകളിൽ മന്ത്രിമാർ പങ്കെടുത്തു കൊണ്ട് 'ജനസമക്ഷം' എന്ന പേരിൽ സംവാദ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ കൂടെയാണ് ഇപ്പോൾ ഓൺലൈൻ സംവാദം കൂടി സംഘടിപ്പിക്കുന്നത്. ആദ്യ പരിപാടി വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം, കെ റെയിൽ വിഷയത്തിൽ കേന്ദ്രത്തിന്റെ അനുമതി ഇതുവരെ ലഭിച്ചിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിൽ കെ റെയിലിൽ നിന്ന് സർക്കാർ പിന്നോട്ടു പോകുന്ന രീതിയിലുള്ള പ്രസ്താവനകളും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. കെ റെയിലിൽ കേന്ദ്രാനുമതി ലഭിച്ചാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകൂ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്.

Share this story