ബാറ്ററി മോഷണം കഴിഞ്ഞു, ഇപ്പോൾ കള്ളമാർ അടിച്ച് മാറ്റുന്നത് വാഹനങ്ങളുടെ സൈലൻസർ

google news
iuhgf

വാഹനങ്ങളുടെ ബാറ്ററി അടിച്ചുമാറ്റല്‍ താത്കാലികമായി നിര്‍ത്തി, ഇപ്പോള്‍ കള്ളന്‍മാരുടെ നോട്ടം സൈലന്‍സറിലാണ്. കഴിഞ്ഞദിവസം തൃക്കാക്കര നഗരസഭയുടെ പാലിയേറ്റീവ് കെയര്‍ വാഹനത്തിന്റെ സൈലന്‍സര്‍ മുറിച്ചുമാറ്റിയാണ് ഒടുവിലത്തെ മോഷണം.

കാക്കനാട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സിലെ നഗരസഭയുടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ സൈലന്‍സറാണ് മോഷണം പോയത്. രാവിലെ പതിവുപോലെ വാഹനം എടുത്തപ്പോഴാണ് മോഷണവിവരം അറിയുന്നത്. സൈലന്‍സറിന് ഏകദേശം 80,000 രൂപ വിലവരും.

നഗരസഭാ ഓഫീസിനടുത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളിലെ ബാറ്ററികളാണ് കള്ളന്‍മാര്‍ അടിച്ചുമാറ്റിക്കൊണ്ടിരുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ സജീന അക്ബറിന്റെ പരാതിയില്‍ തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നേരേയുള്ള ആക്രമണമാണിതെന്ന് കൗണ്‍സിലര്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ചുറ്റുമതിലില്ലാത്ത ആരോഗ്യകേന്ദ്രത്തില്‍ മതില്‍ നിര്‍മിച്ചിരുന്നു. എന്നാല്‍, മതില്‍ ചവിട്ടിപ്പൊളിച്ചു. ഈ സംഭവത്തിലെ പ്രതികളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പോലീസ് പട്രോളിങ് വേണമെന്നും സംരക്ഷണ മതില്‍ പൂര്‍ത്തിയാക്കാന്‍ ഫണ്ട് അനുവദിക്കണമെന്നും കൗണ്‍സിലര്‍ സജീന അക്ബര്‍ ആവശ്യപ്പെട്ടു.

Tags