പെരുഞ്ചെല്ലൂരിൽ നാദബ്രഹ്മം തീർത്ത് സിക്കിൽ ഗുരുചരൻ

Perumchellur-Sangeetha-Sabha
Perumchellur-Sangeetha-Sabha

തളിപ്പറമ്പ: അനുഗ്രഹീതമായ ശബ്ദസൗകുമാര്യത്തിൽ ശാസ്ത്രീയ ശൈലിയിൽ, മനോധർമ്മ പ്രയോഗങ്ങളുടെ പ്രത്യേകതയിൽ നാദപ്രവഹമായി അന്താരാഷ്ട്ര പ്രശസ്തി നേടിയ ഫ്ലൂട്ടിസ്റ്റുകളായ സിക്കിൽ സിസ്റ്റേഴ്സിന്റെ മൂത്ത സിസ്റ്റർ സിക്കിൽ കുഞ്ഞുമണിയുടെ ചെറുമകൻ സിക്കിൽ ഗുരുചരൻ സംഗീത മാധുരി ചൊരിഞ്ഞപ്പോൾ പെരുഞ്ചെല്ലൂർ സംഗീത സഭയുടെ 64 ത്തെ കച്ചേരി അക്ഷരാർത്ഥത്തിൽ ശുദ്ധ സംഗീത ആസ്വാദകർക്ക് ഒരു അപൂർവ വിരുന്നായി.

മുതിർന്ന പക്കമേള കലാകാരന്മാരായ വയലനിൽ ട്രിവാൻഡ്രം ആർ. സമ്പത് നാരായണനും മൃദംഗത്തിൽ തൃച്ചുർ സി. നരേന്ദ്രനും കൂടി ചേർന്നപ്പോൾ മായിക പ്രപഞ്ചം തീർത്തു. കൊത്തവാസൽ വെങ്കിട്ടരാമ അയ്യർ സാവേരി രാഗത്തിൽ രചിച്ച സരസുട നിന്നെ കോരി എന്ന വർണത്തോടെ കച്ചേരി ആരംഭിച്ചു.  

പെരുഞ്ചെല്ലൂർ സംഗീത സഭയുടെ അറുപത്തി നാലാം കച്ചേരി ആയതിനാൽ അറുപത്തി നാലാം മേളകർത്താ രാഗം വാചസ്പതിയിൽ പരമശിവനെ കീർത്തിച്ചു കൊണ്ടുള്ള പരാത്പര പരമേശ്വര എന്ന കീർത്തനം ആലപിച്ചു ആസ്വാദകരെ ഭക്തി സാന്ദ്രത്തിലാക്കി. ത്യാഗരാജ കൃതി മാർഗ്ഗഹിന്ധോളം രാഗത്തിൽ ചിറ്റപ്പെടുത്തിയ ചലമേലര എന്ന കീർത്തനം ഹൃദയഭേദകവും ഹൃദയസ്പർശിയായി. 

Perumchellur Sangeetha Sabha Sikil Gurucharan

കച്ചേരിയിലെ മുഖ്യ കൃതിയായി മോഹന രാമാ എന്ന മോഹന രാഗത്തിൽ ത്യാഗരാജ കീർത്തനം ശ്രുതിമധുരമായി. മഹാരാജ സ്വാതി തിരുനാൾ കർണ്ണാടക കാപ്പി രാഗത്തിലെ പദവർണം സുമ സായകയും എന്ന കൃതി സായാനഹത്തെ ഭക്തിരസമാക്കി.

നളിനകാന്തി രാഗത്തിലെ നതജനപാലിനി എന്ന കീർത്തനം തഞ്ചാവൂർ ശ്രീ ശങ്കര അയ്യരുടെ പാണ്ഡിത്യവും അഗാധമായ ഭക്തിയും അതുപോലെ തന്നെ സിക്കിൽ പകർത്തി എടുത്തു . തോടി രാഗത്തിൽ നീലകണ്ഠായനമസ്തേ എന്ന പല്ലവി ഉൾപ്പെടുത്തി ആലപിച്ച രാഗം താനം പല്ലവി ഉന്നതമായ നിലവാരം പുലർത്തി.

ബേഹാഗ് രാഗത്തിൽ ഗുരു സുരാജാനന്ദ രചിച്ച മുരുഗനിൻ മരുപെയർ അഴഗ് ആസ്വാദകരെ ധ്യാനത്തിന്റെ ഒരു തലത്തിലേക്ക് എത്തിച്ചു. ആദിശങ്കരരുടെ നിർവാണ ശതകം  ആലപിച്ചു കേട്ടപ്പോൾ കുറച്ചു നിമിഷങ്ങൾക്ക് ശ്രോതാക്കൾ വൈകാരികമായി. 

ദേശ് രാഗത്തിലെ തില്ലാന അതീവഹൃദമായി.

ഭാവ വൈവിധ്യം തുളുമ്പുന്ന ആലാപന മികവുമായി അതുല്യ ശബ്ദത്തിന്റെ അനുഗ്രഹീത കലാകാരൻ ഗുരുചരൻ  സംഗീതാസ്വാദകർക്ക് ശുദ്ധ സംഗീതത്തിന്റെ കരുത്തറിയിച്ചു കൊണ്ട് അവിസ്മരണീയമായ സംഗീത വിരുന്നിന്‌ സാക്ഷിയായി. 

മൃദംഗം വിദ്വാൻ പത്മശ്രീ പാലക്കാട് ആർ രഘുവിന്റെ ആദ്യകാല ശിഷ്യനും അഞ്ച് തലമുറയിലധികം സംഗീതജ്ഞർക്കൊപ്പം കച്ചേരി അനുഗമിച്ച ആകാശവാണിയിലെ ടോപ് റാങ്ക് ആർട്ടിസ്റ്റുമായ തൃച്ചുർ സി. നരേന്ദ്രനെ പെരുഞ്ചെല്ലൂർ സംഗീത സഭ ആദരിച്ചു . കലാകാരന്മാരെ കെ.പി. ബിജു മാസ്റ്റർ , രാമചന്ദ്രൻ എന്നിവർ ചേർന്ന് ആദരിച്ചു . സഭ സ്ഥാപകൻ വിജയ് നീലകണ്ഠൻ സംസാരിച്ചു.

Perumchellur-Sangeetha-Sabha-Sikil-Gurucharan 1

Tags