ഒളിച്ചു കളി മതിയാക്കി നടൻ സിദ്ദിഖ് പുറത്ത് വന്നു
യുവനടിയുടെ ബലാത്സംഗ പരാതിയിൽ ഒളിവിൽ പോയ നടൻ സിദ്ദിഖ് കൊച്ചിയിൽ. സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയതോടെയാണ് നടൻ ഒളിച്ചു കളി മതിയാക്കി പുറത്തു വന്നത്. അഡ്വക്കേറ്റ് ബി രാമൻ പിള്ളയുടെ എറണാകുളം നോർത്തിലുള്ള ഓഫീസിലെത്തി സിദ്ദിഖ് കൂടിക്കാഴ്ച നടത്തി.സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ സിദ്ദിഖിനെ അറസ്റ്റുചെയ്യുന്നതിൽ പൊലീസ് നിയമോപദേശം തേടി.
തുടർ നീക്കങ്ങൾ ആലോചിക്കാൻ എസ്ഐടി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. രണ്ടാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്യണോ എന്ന കാര്യത്തിലാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന്‍റെ ഓഫീസിനോട് പൊലീസ് നിയമോപദേശം തേടിയത്.
പൊലീസ് നോട്ടീസ് നൽകിയില്ലെങ്കിൽ സ്വമേധയാ ഹാജരാകാൻ സിദ്ദിഖിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. രണ്ടാഴ്ചത്തേ ഇടക്കാല ജാമ്യത്തിലുള്ള സിദ്ദിഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം. ഇപ്പോഴത്തെ നിലയിൽ അറസ്റ്റുചെയ്താൽ വേണ്ടപോലെയുള്ള കസ്റ്റഡി ചോദ്യം ചെയ്യൽ അസാധ്യമാകും.