സിദ്ധാർഥന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വൈകിപ്പിച്ചാല്‍ സമരത്തിനിറങ്ങും : വി.ഡി സതീശന്‍

google news
vd

തിരുവനന്തപുരം : സി.ബി.ഐ അന്വേഷണം വൈകിപ്പിക്കുന്നത് തെളിവുകള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയാണോയെന്ന ഉത്കണ്ഠ സിദ്ധാർഥന്റെ പിതാവിനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആരോടും ആലോചിക്കാതെ 33 പേരുടെ സസ്‌പെന്‍ഷനാണ് വി.സി പിന്‍വലിച്ചത്. ഇത് സി.പി.എം നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ്.

കേസില്‍ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കെ.പി.സി.സി ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

സിദ്ധാർഥന്റെ പിതാവ് നിയമ നടപടികളുമായി മുന്നോട്ട് പോയാല്‍ അതിന് ആവശ്യമായ പിന്തുണ നല്‍കും. സമരം ആരംഭിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിന് വേണ്ടിയും യു.ഡി.എഫും കോണ്‍ഗ്രസും രംഗത്തിറങ്ങും.

സി.ബി.ഐ അന്വേഷണത്തിന് ആവശ്യമായ ഒരു നടപടിക്രമവും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടില്ല. സമരം ശക്തമാക്കിയതും തിരഞ്ഞെടുപ്പ് അടുത്തതുമാണ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

എന്നാല്‍ സി.ബി.ഐ അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സി.ബി.ഐ അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമം തുടര്‍ന്നാല്‍ അതിനെതിരായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags