സിദ്ധാർത്ഥന്റെ മരണം; ഡീനിന്റെയും അസി. വാർഡന്റെയും സസ്പെൻഷൻ പിൻവലിച്ചു
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ സസ്പെൻഷനിലയിരുന്ന ഡീൻ എം.കെ നാരായണൻ, അസി. വാർഡൻ ഡോ.കാന്തനാഥൻ എന്നിവരെ സർവീസിൽ തിരിച്ചെടുത്തു. കോളേജ് ഓഫ് എവിയൻ സയൻസ് ആൻഡ് മാനേജ്മെന്റിലാണ് ഇരുവർക്കും നിയമനം. ജുഡീഷ്യൻ കമ്മീഷന്റെ റിപ്പോർട്ടിന്മേൽ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വിസി ഉൾപ്പെടെ നാലുപേർ ആവശ്യപ്പെട്ടെങ്കിലും മാനേജ്മെന്റ് കൌൺസിലിലെ ഭൂരിപക്ഷം അംഗങ്ങളും ഇത് എതിർത്തു.
സിദ്ധാർത്ഥന്റെ മരണം അന്വേഷിക്കാൻ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന്റെ റിപ്പോർട്ടിന്മേൽ, പൂക്കോട് വെറ്ററിനറി കോളേജ് ഡീൻ ആയിരുന്ന എം.കെ.നാരായണൻ, മുൻ അസിസന്റ് വാർഡൻ ഡോ. കാന്തനാഥൻ എന്നിവർക്കെതിരെ കൂടുതൽ നടപടി വേണമെന്ന് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടിന്റെ പകർപ്പ് ഓഗസ്റ്റ് 23ന് വിസിക്ക് നൽകിയിരുന്നു. 45 ദിവസത്തിനകം നടപടി സ്വീകരിച്ച് അറിയിക്കണം എന്നായിരുന്നു നിർദേശം.
എന്നാൽ , തുടർനപടി വേണ്ടെന്ന് സർവകലാശാല മാനേജ്മെന്റ് കൗൺസിൽ തീരുമാനമെടുത്തു. സസ്പെൻഷൻ കാലാവധി ആറുമാസം പിന്നിട്ടതിനാൽ, ഇരുവരെയും സർവീസിൽ തിരിച്ചെടുക്കാൻ ഇന്നലെ ചേർന്ന മാനേജ്മെന്റ് കൗൺസിൽ തീരുമാനിച്ചു. സർവകലാശാല വി.സി കെ.എസ്.അനിൽ ഉൾപ്പെടെ നാലുപേർ വിയോജിപ്പ് രേഖപ്പെടുത്തി. മാതൃകാപരമായി ശിക്ഷിക്കണം എന്നായിരുന്നു ഇവരുടെ നിലപാട്. എന്നാൽ, തുടർനടപടി വേണ്ടെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം.