'ഇനി തിരച്ചിലിന് ഇറങ്ങുന്നില്ല, അർജുന്റെ അമ്മയോടും കുടുംബത്തോടും മാപ്പ്' ; ഷിരൂർ ദൗത്യം മതിയാക്കി ഈശ്വർ മാൽപെ

arjun
arjun

ഷിരൂർ ദൗത്യം മതിയാക്കി ഈശ്വർ മാൽപെ ഉഡുപ്പിയിലേക്ക് മടങ്ങുന്നു. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്നാണ് തീരുമാനം. ദൗത്യം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ അർജുന്റെ അമ്മയോടും കുടുംബത്തോടും മാൽപെ മാപ്പ് പറഞ്ഞു.

ഇന്ന് രാവിലെ തിരച്ചിലിനായി എത്തിയിരുന്ന മാൽപെയെ കോൺടാക്ട് പോയിന്റ് 4 ൽ ഇറങ്ങാൻ ഡ്രെഡ്ജിങ് കമ്പനി അനുവദിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് മാൽപെ തന്റെ നിരാശ മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നു.

‘സ്വമേധയാ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ജീവൻപോലും പണയംവെച്ചാണ് തിരച്ചിലിനായി ഇറങ്ങിയത്. ജില്ലാ ഭരണകൂടത്തിന്റെ ഒരു സപ്പോർട്ടും ഇതുവരെ കിട്ടിയിട്ടില്ല. എപ്പോഴും ഭരണകൂടവുമായി അടിയുണ്ടാക്കാന്‍ സാധിക്കില്ല, തിരച്ചിലിന് ഒരു സൗകര്യമില്ലെന്നും മടുത്തിട്ടാണ് പോകുന്നതെന്നും മാല്‍പെ. അർജുന്റെ വീട്ടിൽപോയ സമയത്ത് അവർക്കെല്ലാം വാക്ക് കൊടുത്തതാണ് ദൗത്യത്തിന്റെ അവസാന നിമിഷം വരെ തിരച്ചിലിന്റെ ഭാഗമായിരിക്കുമെന്ന്. ഇപ്പോൾ ആ വാക്ക് പാലിക്കാൻ തനിക്കായില്ല. അർജുന്റെ അമ്മയോടും കുടുംബത്തോടും മാപ്പ് പറയുകയാണ്. വീട് വിട്ട് ഇറങ്ങിയിട്ട് ഇന്നേക്ക് 4 ദിവസമായെന്നുംഈശ്വർ മാൽപെ പറഞ്ഞു.

ഷിരൂരിലെ മണ്ണിടിച്ചിൽ ഉണ്ടായ സമയം മുതൽ തന്നെ ദൗത്യത്തിന്റെ ഭാഗമായിരുന്നു മാൽപെ. ഗംഗാവലിപ്പുഴയിൽ ശക്തമായ അടിയൊഴുക്ക് ഉണ്ടായ സാഹചര്യത്തിൽപോലും ജീവൻവരെ പണയംവെച്ച് മാൽപെ പുഴയിലിറങ്ങി തിരച്ചിൽ നടത്തിയത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

ഗംഗാവലി പുഴയുടെ അടിയിൽ സ്കൂട്ടറും ഇനിയും തടികഷ്ണങ്ങളും ഉണ്ടെന്ന് ഈശ്വർ മാൽപെ ഇന്ന് രാവിലെ നടത്തിയ ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞിരുന്നു. CP3 യിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 10 തടിക്കഷ്ണങ്ങളാണ് സ്‌കൂട്ടർ ചായക്കട നടത്തിയിരുന്ന ലക്ഷ്മണിന്റെ ആകാമെന്നും അർജുൻ്റെ ലോറി കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയും മാൽപെ പങ്കുവെച്ചിരുന്നു.

എന്നാൽ ഷിരൂര്‍ ദൗത്യം മൂന്നാം ഘട്ടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നാവിക സേന കണ്ടെത്തിയ ഒന്ന്, രണ്ട് പോയിന്റുകളാണ്. ഈ പോയിന്റുകള്‍ കേന്ദ്രീകരിച്ചാണ് ഇനി തിരച്ചില്‍ നടക്കാന്‍ പോകുന്നത്. ആ പോയിന്റ് കേന്ദ്രീകരിച്ചുള്ള തിരച്ചിലിന് വേണ്ടി ഈശ്വര്‍ മാല്‍പെ തയ്യാറായിരുന്നു. എന്നാല്‍ തിരച്ചില്‍ നടത്തേണ്ടെന്ന് പറഞ്ഞ് ഈശ്വര്‍ മാല്‍പെയെ അവിടെ നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ തിരച്ചിലില്‍ പങ്കാളിയാക്കാതെ മാല്‍പെയെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സമ്മര്‍ദ്ദത്തിന് പിന്നാലെ അദ്ദേഹത്തെ ദൗത്യത്തിന്റെ ഭാഗമാക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ജൂലൈ പതിനാറിനാണ് ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുൻ ഉൾപ്പടെയുള്ളവരെ കാണാതാവുന്നത്. അ‍ർജുനൊപ്പം ലോറിയും കാണാതായി. അ‍ർജുനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പരാതി നൽകിയെങ്കിലും തുടക്കത്തിൽ അലസ മനോഭാവമാണ് ഭരണകൂടം കാണിച്ചത്. സംഭവം വിവാദമാവുകയും കേരളത്തിന്റെ ഇടപെടലുണ്ടായതിനും പിന്നാലെ അർജുനായുള്ള തിരച്ചിൽ നടത്താൻ ഭരണകൂടം തയ്യാറായി. പ്രദേശത്ത് മണ്ണിടിയാനുള്ള സാധ്യതകൂടി കണക്കിലെടുത്തായിരുന്നു ജില്ലാ ഭരണകൂടം തിരച്ചിൽ നടത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ലോറി അകപ്പെട്ടതാകാമെന്നായിരുന്നു ആദ്യം ഉയ‍ർന്ന സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തി. എന്നാൽ ലോറി കണ്ടെത്താനായിരുന്നില്ല.

Tags