സ്ത്രീ സംരംഭകർക്ക് പ്രോത്സാഹനം നൽകാൻ വനിതാ കമ്മീഷൻ ഇടപെടൽ നടത്തും : അഡ്വ.ഷിജി ശിവജി
shiji
കോഴിക്കോട് : വ്യവസായ രംഗത്തേക്ക് കൂടുതൽ സ്ത്രീകൾ കടന്ന് വരുന്നതിനും, സ്ത്രീ സംരംഭകർക്ക് പ്രോത്സാഹനം നൽകുന്നതിനുമുള്ള പ്രവർത്തനങ്ങൾ വനിത കമ്മീഷൻ നടത്തുമെന്ന് കമീഷൻ അംഗം അഡ്വ.ഷിജി ശിവജി. കോലഞ്ചേരി പ്രവാസി സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ട്രേഡ് എക്സ്പോ വേദിയിൽ വനിത കമ്മീഷന്റെ സഹകരണത്തോടെ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

വനിതകളെ സമൂഹത്തിൽ അന്തസുള്ള ജീവിതം നയിക്കുന്നതിന് പ്രാപ്തരാക്കാനും തുല്യപ്രാധാന്യം ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് 25 വർഷമായി വനിത കമ്മീഷൻ നടത്തുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാലകാലങ്ങളായി സ്ത്രീ ശാക്തീകരണത്തിനായി നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് . കുടുംബശ്രീ, തിരഞ്ഞെടുപ്പ് സംവരണം, എന്നിവ ഇതിന് ഉദാഹരണം.

മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇന്നും സമൂഹത്തിൽ സ്ത്രീകൾക്ക് എല്ലാം മേഖലകളിലും പുരുഷന് തുല്യമായ പ്രാധാന്യം ലഭിക്കുന്നില്ല. ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും കൂടുതൽ സ്ത്രീകൾ വ്യവസായ രംഗത്തേക്ക് കടന്നു വരണമെന്ന് അഡ്വ.ഷിജി ശിവജി പറഞ്ഞു.

"സംരംഭകത്വം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും, പരിഹാരവും" എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ.പി. പി.വിജയൻ നയിച്ചു.വ്യവസായ രംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും, സ്ത്രീ സംരംഭകർ നേരിടുന്ന പ്രശ്നങ്ങളും, പ്രശ്നങ്ങൾക്കുള്ള പരിഹാരവും സെമിനാറിൽ ചർച്ച ചെയ്തു.

സെന്റ് തെരേസാസ് കോളജ് പ്രിൻസിപ്പലും സീനിയർ അഡ്മിനിസ്ട്രേറ്ററുമായ ഡോ. സജി മോൾ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. കോലഞ്ചേരി പ്രവാസി സംഘം ഡയറക്ടർ ബോർഡ് അംഗം കിഷിത ജോർജ്, സോനാ തോമസ്, ഷെഹ്സീന പരീത് തുടങ്ങിയവർ സന്നിഹിതരായി.

Share this story