മുൻ മന്ത്രിയും ആർ.എസ്.പി നേതാവുമായ ഷിബു ബേബി ജോണിന്റെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം
shibhu baby john
മുൻ മന്ത്രിയും ആർ.എസ്.പി നേതാവുമായ ഷിബു ബേബി ജോണിന്റെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

കൊല്ലം: മുൻ മന്ത്രിയും ആർ.എസ്.പി നേതാവുമായ ഷിബു ബേബി ജോണിന്റെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം. കൊല്ലം കടപ്പാക്കടയിലുള്ള കുടുംബവീടായ വയലിൽ വീട്ടിൽ നിന്ന് 47 പവൻ സ്വർണമാണ് നഷ്ടമായത്.

വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഷിബു ബേബി ജോണിന്റെ അമ്മയുടെ വിവാഹ സ്വർണമാണ് മോഷണം പോയത്. താലിമാല, വിവാഹത്തിന് സമ്മാനമായി ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ എന്നിവയെല്ലാം നഷ്ടമായി. ഞായറാഴ്ച രാവിലെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ഈ വീട്ടിൽ രാത്രി ആൾതാമസമില്ല. ഷിബു ബേബി ജോണിന്റെ അമ്മ പകല്‍ ഈ വീട്ടില്‍ എത്തുകയും രാത്രി മകന്റെ വീട്ടിലേക്ക് മടങ്ങുകയുമാണ് പതിവ്. ഞായറാഴ്ച രാവിലെ പതിവുപോലെ എത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്.

വീടിന്റെ മുൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നിരിക്കുന്നത്. മുൻവാതിൽ കഴിഞ്ഞുള്ള ഗ്ലാസ് വാതിലുകളും തകർത്തിട്ടുണ്ട്. ഇരുനില വീട്ടിലെ എല്ലാ മുറികളിലും മോഷ്ടാക്കൾ പ്രവേശിച്ചതിന്റെ അടയാളങ്ങളുണ്ട്. ഒന്നിൽ കൂടുതൽ പേർ ചേർന്നായിരിക്കും മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Share this story