കാഴ്ചയുടെ പുതുവസന്തമൊരുക്കി ശാന്തിഗിരി ഫെസ്റ്റിന് നാളെ തുടക്കം
തിരുവനന്തപുരം: കാഴ്ചയുടെ വർണ്ണ വസന്തമൊരുക്കി ശാന്തിഗിരി ഫെസ്റ്റിന് പോത്തൻകോട് ശാന്തിഗിരിയിൽ ബുധനാഴ്ച തുടക്കമാകും. ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം 9ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. ശാന്തിഗിരി ആശ്രമത്തിന്റെ റിസർച്ച് സോണിൽ അതിവിശാലമായ ജലസംഭരണിക്ക് ചുറ്റുമാണ് ഇത്തവണത്തെ കാർണിവൽ നടക്കുന്നത്.
പ്രകാശവിന്യാസം കൊണ്ടുള്ള വർണക്കാഴ്ചകളും പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഹാപ്പിനസ് പാർക്കും താഴ്വാരത്തെ വാട്ടർ ഫൗണ്ടെയ്നും ഫെസ്റ്റ് നഗരിയുടെ മുഖ്യ ആകർഷണമാകും.ആശ്രമത്തിന്റെ പുതുനിറങ്ങളിൽ തീർത്ത പ്രവേശനകവാടത്തോടു ചേർന്ന് നക്ഷത്രവനവും നാടൻ പശുക്കളുടെ ഗോശാലയും ഒരുക്കിയിട്ടുണ്ട്. പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ പുതുമകൾ നിറഞ്ഞ അമ്യൂസ്മെൻ്റ് പാർക്ക് വിനോദങ്ങൾക്കുള്ള വേദിയാകും.
പ്രദർശന-വ്യാപാരമേളകൾക്കു പുറമേ ശാസ്ത്രസാങ്കേതിക വിദ്യകളിലെ പുരോഗതി വിളിച്ചോതുന്ന റോബോട്ടിക് അനിമൽ ഷോ, 13,000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന ഫ്ലവർ ഷോ, വ്യത്യസ്തതകൾ നിറഞ്ഞ പെറ്റ്ഷോ, അക്വാഷോ, കടന്നുപോകുന്ന വഴിയിലുടനീളം ഉദ്വേഗം നിറഞ്ഞു നിൽക്കുന്ന ഗോസ്റ്റ് ഹൗസ്, വിസ്‌മയം ത്രീഡി ഷോ, കുട്ടികൾക്കുള്ള വിനോദപരിപാടികൾ, കാർഷിക വിപണനമേളകൾ, നക്ഷത്രവനം, പ്രകൃതിസംരക്ഷണത്തി ന്റെ സന്ദേശം ഉൾക്കൊള്ളുന്ന വ്യൂ പോയിൻ്റ്, ഭാരതീയ ചികിത്സാ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഹെൽത്ത് കോർണർ, വെൽനസ് സെൻ്റർ എന്നിവ തയാറാക്കിയിട്ടുണ്ട്.വെജിറ്റേറിയൻ ഫുഡ് ഫെസ്റ്റിവലാണ് മറ്റൊരാകർഷണം. അവധി ദിവസങ്ങളിൽ ഉച്ചയ്‌ക്ക് 12 മണിമുതൽ രാത്രി 10 വരെയും പ്രവൃത്തിദിനങ്ങളിൽ വൈകിട്ട് മൂന്നുമുതൽ രാത്രി 10വരെയുമാണ് പ്രവേശനം.