ശംഖുമുഖത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടം ; ഒരാളെ കാണാതായി

google news
sea

തിരുവനന്തപുരം: ശംഖുമുഖത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടം. ഒരാളെ കാണാതായി. ശംഖുമുഖം സ്വദേശി മഹേഷിനെയാണ് കാണാതായത്. രണ്ടുപേര്‍ മാത്രമാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. കൂടെ ഉണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു.

മമത്സ്യത്തൊഴിലാളികളും നാട്ടുകാരും മഹേഷിനായിട്ടുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ഇന്ന് രാവിലെ 7.30 യോടെയാണ് ഇവര്‍ ശംഖുമുഖത്തുനിന്നും വിഴിഞ്ഞത്തേക്ക് എത്തിയത്. അവിടെ നിന്നും മീന്‍ പിടിക്കാന്‍ കടലിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശക്തമായ തിരയില്‍ പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന വിന്‍സെന്റ് നീന്തി കരയിലെത്തിയെങ്കിലും മഹേഷിനെ തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു. അപകടം നടന്നപ്പോള്‍ തന്നെ കോസ്റ്റ് ഗാര്‍ഡിനെ വിവരം അറിയിച്ചിട്ടും രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേര്‍ന്നില്ലെന്ന പരാതി ഉയരുന്നുണ്ട്.

എന്നാല്‍ കോസ്റ്റ് ഗാര്‍ഡ് എത്താന്‍ വൈകിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആന്റണി രാജു എംഎല്‍എ പറഞ്ഞു. ആവശ്യമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞത്ത് നിന്നും കോസ്റ്റ് ഗാര്‍ഡ് സംഘം സംഭവ സ്ഥലത്തേക്ക് എത്താനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളു. ബാക്കിയെല്ലാം ആവശ്യമില്ലാത്ത ആരോപണങ്ങള്‍ മാത്രമാണ്. കാണാതായ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമെന്നും ആന്റണി രാജു പറഞ്ഞു.

Tags