സിംനയെ ഷാഹുല്‍ കൊലപ്പെടുത്തിയത് ആസൂത്രിതമായി ; മരിച്ചെന്ന് ഉറപ്പായതോടെ രക്ഷപ്പെടാനും ശ്രമം

google news
murder

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ വച്ച് സിംനയെ പ്രതി ഷാഹുല്‍ കൊലപ്പെടുത്തിയത് ആസൂത്രിതമായി. ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു സിംന. ഇവര്‍ പുറത്തിറങ്ങുന്നതും കാത്ത് ഒന്നാം നിലയില്‍ തക്കംപാര്‍ത്തിരുന്ന ഷാഹുല്‍, മുറിയില്‍ നിന്ന് പുറത്തിറങ്ങിയ സിംനയെ കുത്തിക്കൊല്ലുകയായിരുന്നു. കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. നിലത്തുവീണ സിംനയുടെ മുതുകില്‍ ഷാഹുല്‍ കത്തി കുത്തിയിറക്കി. സിംന മരിച്ചെന്ന് ഉറപ്പായതോടെ പുറത്ത് നിര്‍ത്തിയിട്ട ബൈക്കില്‍ രക്ഷപ്പെടാനായിരുന്നു ഷാഹുലിന്റെ ശ്രമം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഷാഹുലിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.


സിംനയും ഷാഹുലും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നു. തന്നെ ശല്യപ്പെടുത്തിയതിന് ഷാഹുലിനെതിരെ സിംന പൊലീസില്‍ പരാതി നല്‍കിയിരുന്നതായി സഹോദരന്‍ ഹാരിസ് ഹസ്സന്‍ പറഞ്ഞു. പെരുമറ്റത്തെ തുണിക്കടയിലെ ജീവനക്കാരിയാണ് നിരപ്പ് സ്വദേശിനിയായ സിംന. മൂന്ന് മക്കളുണ്ട്. മൂവാറ്റുപുഴ നഗരത്തിലെ പെയിന്റ് കടയിലെ സെയില്‍സ്മാനായ പുന്നമറ്റം സ്വദേശി ഷാഹുലും വിവാഹിതനാണ്. സുഹൃത്തുക്കളായ ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

Tags