നെറികേടിന്റെ രാഷ്ട്രീയ ഇൻക്യുബേറ്ററിൽ വിരിയുന്ന ഗുണ്ടാപ്പടയാണ് എസ്.എഫ്.ഐ : പ്രതിപക്ഷ നേതാവ്

vd satheeshan

തിരുവനന്തപുരം : നെറികേടിന്റെ രാഷ്ട്രീയ ഇൻക്യുബേറ്ററിൽ വിരിയുന്ന ഗുണ്ടാപ്പടയാണ് എസ്.എഫ്.ഐയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അവർ നിങ്ങളേയും കൊണ്ടേ പോകുവെന്നും സതീശൻ പറഞ്ഞു നിയമസഭയിൽ സംസാരിക്കുമ്പോഴാണ് സതീശൻ എസ്.എഫ്.ഐക്കെതിരെ രൂക്ഷമായ വിമർശനം ഉയർത്തിയത്.

ഫാഷിസ്റ്റ് കഴുകൻകൂട്ടമെന്നാണ് എസ്.എഫ്.ഐ ജനയുഗം വിശേഷിപ്പിച്ചത്. ഗാന്ധി ചിത്രത്തിൽ മാലയിടാനാണോ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ അടിച്ചുതകർത്തത്. പ്രിൻസിപ്പലിന്റെ രണ്ട് കാലും കൊത്തുമെന്നാണ് എസ്.എഫ്.ഐ ഏരിയ സെക്രട്ടറി കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. മുഖ്യമന്ത്രിയുടെ ഇന്നത്തെ

പ്രതികരണത്തോടെ തങ്ങൾ തിരുത്തില്ലെന്നാണ് അവർ വീണ്ടും പറയുന്നത്. മഹാരാജാവാണെന്നാണ് മുഖ്യമന്ത്രിയുടെ ഭാവം. പിണറായി മഹാരാജാവല്ലെന്ന് ജനങ്ങൾ ഇനിയും ഓർമപ്പെടുത്തുമെന്നും സതീശൻ പറഞ്ഞു.

എസ്.എഫ്.ഐക്ക് വേണ്ടി പ്രവർത്തിച്ചതിനാൽ സംസ്ഥാനത്ത് 35 വിദ്യാർഥികൾ കൊല്ലപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കെ.എസ്.യുവിന് അത്തരമൊരു ചരിത്രം പറയാനുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. കേരള യൂനിവേഴ്സിറ്റി കാമ്പസിലെ ആക്രമത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പ്രതിപക്ഷത്തിന് വേണ്ടി മാധ്യമങ്ങൾ ബഹളം വെച്ചത് കൊണ്ട് വസ്തുത വസ്തുതയല്ലാതാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എ.കെ.ജി സെൻറർ ആക്രമണമുണ്ടായപ്പോൾ എന്തൊക്കെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം. ഒടുവിൽ കോൺഗ്രസിന് വേണ്ടപ്പെട്ടവരല്ലേ പിടിയിലായത്. ധീരജിന്റെ കൊലപാതകത്തിൽ പ്രതികൾക്ക് പിന്തുണ നൽകുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ്സിനിടെ ഡി.വൈ.എഫ്.ഐക്കാർ നടത്തിയത് രക്ഷാപ്രവർത്തനം തന്നെയാണ്. വാഹനത്തിന് മുന്നിൽ ചാടുന്നവരെ പിടിച്ചുമാറ്റുന്നത് രക്ഷാപ്രവർത്തനമല്ലാതെ മറ്റെന്താണ്. ഈ നിലപാട് താൻ അന്ന് തന്നെ സ്വീകരിച്ചിരുന്നു. ഇന്നും സ്വീകരിക്കും നാളെയും അത് തന്നെ പറയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തിരുന്നു.

Tags