ലൈംഗികാതിക്രമം; രഞ്ജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പശ്ചിമ ബംഗാള്‍ നടിയുടെ പരാതിക്ക് പിന്നില്‍ ഗൂഢ ലക്ഷ്യമെന്നാണ് രഞ്ജിത്തിന്റെ പ്രധാന വാദം.
സിനിമയില്‍ അവസരം നല്‍കാത്തതിന്റെ നീരസമാണ് പരാതിക്ക് കാരണം. നടിയുമായി സംസാരിച്ചപ്പോള്‍ അണിയറപ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് തന്നെ നീക്കണമെന്ന ഉദ്ദേശവും പരാതിക്ക് പിന്നില്‍ ഉണ്ടെന്ന് രഞ്ജിത്തിന്റെ ഹര്‍ജിയില്‍ പറയുന്നു.
ബംഗാളി നടിയാണ് രഞ്ജിത്തിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. 'പാലേരിമാണിക്യം' എന്ന സിനിമയുടെ ഓഡിഷനായി വിളിച്ച ശേഷം ലൈംഗികലക്ഷ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്നതാണ് പരാതി. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുക്കുകയും ചെയ്തു. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.