ലൈംഗികാതിക്രമ കേസ് ; നടൻ ഇടവേള ബാബു അറസ്റ്റിൽ

idavelababu arrest
idavelababu arrest

കൊച്ചി : ലൈംഗികാതിക്രമ കേസിൽ നടൻ ഇടവേള ബാബുഅറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ മൂന്നു മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ട പ്രകാരം ഇന്ന് രാവിലെ 10 മണിക്ക് ഇടവേള ബാബു ചോദ്യം ചെയ്യലിന് ഹാജരായത്.

അതേസമയം, മുൻകൂർ ജാമ്യം ഉള്ളതിനാൽ ഇടവേള ബാബുവിനെ ജാമ്യത്തിൽ വിട്ടയക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

താരസംഘടനയായ ‘അമ്മ’യിൽ അംഗത്വം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് ഇടവേള ബാബുവിനെതിരായ കേസ്. അംഗത്വ അപേക്ഷ പൂരിപ്പിക്കാനായി നടിയോട് ഫ്ലാറ്റിലേക്ക് വരാൻ ആവശ്യപ്പെട്ടെന്നും അപേക്ഷ പൂരിപ്പിച്ച് കൊണ്ടിരുന്നപ്പോൾ കഴുത്തിൽ ചുംബിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.

ഇടവേള ബാബുവിനെതിരായ പരാതിയിൽ നടിയുടെ രഹസ്യമൊഴി ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

മലയാളത്തിലെ നാല് നടന്മാരിൽ നിന്ന് ദുരനുഭവമുണ്ടായെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ നടി വെളിപ്പെടുത്തിയത്. നടനും എം.എൽ.എയുമായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവരിൽ നിന്നായി ശാരീരികമായും വാക്കാലുമുള്ള അതിക്രമം നേരിട്ടെന്നാണ് നടി പറഞ്ഞത്. അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരിൽ നിന്നും അതിക്രമം നേരിട്ടതായും നടി ആരോപിച്ചു.

2013ലാണ് സിനിമ താരങ്ങളിൽ നിന്ന് ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. ഒരു സിനിമ പ്രൊജക്ടിന്‍റെ ഭാഗമായിരിക്കെയായിരുന്നു ഇത്. സിനിമയുമായി പരമാവധി മുന്നോട്ടുപോകാൻ ശ്രമിച്ചിട്ടും അതിക്രമം സഹിക്കാവുന്നതിലപ്പുറമായതോടെ മലയാള സിനിമ മേഖല തന്നെ ഉപേക്ഷിക്കേണ്ടി വന്നു. അന്ന് അനുഭവിക്കേണ്ടിവന്ന ആഘാതങ്ങൾക്കും പ്രയാസങ്ങൾക്കും നീതി ലഭിക്കണമെന്നും നടി ചൂണ്ടിക്കാട്ടി.

ജയസൂര്യ ഷൂട്ടിങ്ങിനിടെ കടന്നുപിടിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു. 2013ൽ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഇത്. തനിക്ക് അടുത്ത് ഫ്ലാറ്റുണ്ടെന്നും അങ്ങോട്ട് വരാൻ പറയുകയും ചെയ്തു.

'അമ്മ' സംഘടനയിൽ അംഗത്വം നൽകണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മറ്റ് താരങ്ങൾ ആവശ്യപ്പെട്ടു. ഇക്കാര്യം അക്കാലത്ത് തന്നെ താൻ ഉന്നയിച്ചെങ്കിലും ആരും ശ്രദ്ധിച്ചില്ല. പുതിയ കുട്ടികൾക്കെങ്കിലും ദുരനുഭവം ഉണ്ടാകരുതെന്നും നടി പറയുന്നു.

Tags