പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം : രണ്ട് പേർ തിരുവല്ല പോലീസ് പിടിയിൽ

google news
Sexual assault on a minor girl: Two arrested

തിരുവല്ല : പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ രണ്ടുപേരെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. 14 വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ ഇരവിപേരൂർ പടിഞ്ഞാറ്റോതറ സ്വാതി ഭവനിൽ തുളസീദാസ് (36) , കിഴക്കൻ ഓതറ മോടിയിൽ വീട്ടിൽ ശ്രീജിത്ത് ( 34) എന്നിവരാണ് അറസ്റ്റിലായത്. 

തനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വിവരം കഴിഞ്ഞ ദിവസം പെൺകുട്ടി കൂട്ടുകാരിയുമായി പങ്കുവെച്ചു. തുടർന്ന് കൂട്ടുകാരി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ എത്തി നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി തനിക്ക് നേരെ നടന്ന പീഡന വിവരം വെളിപ്പെടുത്തിയത്. 

തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ നിർദ്ദേശ പ്രകാരം തിരുവല്ല പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായ തുളസീദാസ് ഈ മാസം പന്ത്രണ്ടാം തീയതിയും ശ്രീജിത്ത് 2023 ഓഗസ്റ്റ് മാസത്തിലാണ് ലൈംഗിക അതിക്രമം നടത്തിയതെന്ന് പെൺകുട്ടി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കും എന്ന് സി ഐ ബി കെ സുനിൽ കൃഷ്ണൻ പറഞ്ഞു.

Tags