പാലക്കാട്ടെ മുസ്ലിം വോട്ടര്‍മാരില്‍ അമ്പത് ശതമാനത്തെയും നിയന്ത്രിക്കുന്നത് എസ്ഡിപിഐ ആണെന്ന പരാമര്‍ശം ; സരിന്റെത് അപകടകരമായ വാദമെന്ന് വി ടി ബല്‍റാം

sarin
sarin

സംഘപരിവാറിന്റെ വാദമാണിതെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. പി സരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. പാലക്കാട്ടെ മുസ്ലിം വോട്ടര്‍മാരില്‍ അമ്പത് ശതമാനത്തെയും നിയന്ത്രിക്കുന്നത് എസ്ഡിപിഐ ആണെന്ന സരിന്റെ പരാമര്‍ശത്തിനെതിരെയാണ് ബല്‍റാം രംഗത്തെത്തിയിരിക്കുന്നത്. അപകടരമായ വാദമാണ് സരിന്‍ നടത്തിയതെന്നും സംഘപരിവാറിന്റെ വാദമാണിതെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

'എത്ര അപകടകരമായ വാദമാണിത്! മുസ്ലിങ്ങളിലെ അമ്പത് ശതമാനത്തിന്റേയും രാഷ്ട്രീയ അഭിരുചികളെ നിയന്ത്രിക്കുന്നത് എസ്ഡിപിഐ പോലുള്ളവരാണെന്നത് സംഘപരിവാറിന്റെ വാദമാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തുന്നവരിലെ 98%വും മുസ്ലിങ്ങളാണെന്ന് കെ ടി ജലീല്‍ എംഎല്‍എ ഉന്നയിച്ച ഗുരുതരമായ ദുരാരോപണത്തിന് ശേഷമാണ് ഇപ്പോള്‍ മറ്റൊരു എല്‍ഡിഎഫ് സ്വതന്ത്രന്‍ ഇങ്ങനെ പറയുന്നത്. സംഘപരിവാര്‍ പ്രൊപ്പഗണ്ടകള്‍ ഒന്നിനു പുറകേ ഒന്നായി എന്തിനാണ് ഈ സിപിഎമ്മുകാരും അവരുടെ സ്വതന്ത്ര വേഷധാരികളും ഏറ്റെടുക്കുന്നത്', ബല്‍റാം ചോദിക്കുന്നു.

സിപിഐഎമ്മിന്റെ തിരഞ്ഞെടുപ്പ് മുന്നില്‍ നിന്ന് നയിച്ച മന്ത്രി എം ബി രാജേഷിനും മുസ്ലിങ്ങളുടെ രാഷ്ട്രീയ അഭിപ്രായ രൂപീകരണത്തേക്കുറിച്ച് സ്ഥാനാര്‍ത്ഥിയുടെ ഇതേ കാഴ്ചപ്പാട് തന്നെയാണോ എന്നാണ് ഇനിയറിയേണ്ടതെന്നും ബല്‍റാം പറയുന്നു.

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സരിന്‍ ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലായിരുന്നു വിവാദപരാമര്‍ശം നടത്തിയത്.

30,000ത്തിലധികം വരുന്ന പാലക്കാടെ മുസ്ലിം വിഭാഗങ്ങളില്‍ 50 ശതമാനം വരുന്ന മുസ്ലിങ്ങളെയും നിയന്ത്രിക്കുന്നത് എസ്ഡിപിഐയാണോയെന്ന ചോദ്യത്തിന് ആ രീതിയില്‍ വേണം അനുമാനിക്കാനെന്നായിരുന്നു സരിന്റെ മറുപടി.

Tags