കോടിയേരിയിൽ ചെള്ളുപനി സ്ഥിരീകരിച്ചു; രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
കൊല്ലം ഏരൂരിൽ നാലു വയസുകാരനു ചെള്ളുപനി സ്ഥിരീകരിച്ചു

കോടിയേരി: ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) റിപ്പോർട്ട് ചെയ്ത കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നിർദേശത്തെത്തുടർന്നാണ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയത്. തലശ്ശേരി നഗരസഭ, ഡി.വി.സി. യൂണിറ്റിന്റെ തലശ്ശേരി ശാഖ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗമാണ് പ്രദേശത്ത് വിപുലമായ രീതിയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.

ജില്ലാ മെഡിക്കൽ ഓഫീസിൽനിന്ന് ടെക്നിക്കൽ അസി. സി.ജി. ശശിധരൻ, ബയോളജിസ്റ്റ് സി.ജെ. ചാക്കോ, എപിഡമിയോളജിസ്റ്റ് കെ.അഭിഷേക് എന്നിവർ സ്ഥലം സന്ദർശിച്ചു. സി.വി.സി. യൂണിറ്റ് തലശ്ശേരി എച്ച്.ഐ. വൽസ തിലകന്റെ നേതൃത്വത്തിൽ ഇൻസെക്ട് കലക്ടർമാർ പ്രദേശത്ത് കീടപഠനം നടത്തുകയും ചെള്ളുപനിക്കു കാരണമാകുന്ന ലെപ്ടോത്രോംബീഡിയം ഏലിയൻസ് എന്നറിയപ്പെടുന്ന ചിഗ്ഗറുകളുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. തുടർന്ന് രോഗകാരികളായ ചിഗ്ഗറുകളെ നശിപ്പിക്കുന്നതിനായി പ്രദേശത്ത് കീടനാശിനി തളിച്ചു. സാധാരണമായി ചിഗ്ഗറുകളെ കണ്ടുവരുന്ന കുറ്റിച്ചെടികൾ വെട്ടിവൃത്തിയാക്കി.

കൗൺസിലർ കെ. സിന്ധുവിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ജീവനക്കാർ പനി സർവേ നടത്തുകയും രോഗസാധ്യതയുള്ള 10 പേർക്ക് പ്രതിരോധഗുളികൾ നല്കുകയും ചെയ്തു.പി.എച്ച്.സി.യിലെ ഡോ. മംമ്ത മനോഹർ, എച്ച്.ഐ. ടെനിസൻ തോമസ്, ജെ.എച്ച്.ഐ. കെ. ബിന്ധ്യ എന്നിവരും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.പനി സർവേയിൽ ജെ.എച്ച്. നഴ്സ് എം. നൗഫിമോൾ, ആശാപ്രവർത്തകരും പങ്കാളികളായി.

ജനങ്ങളുടെ ആശങ്കകളും സംശയങ്ങളും ദൂരീകരികരിക്കുന്നതിനായി സമീപത്തെ അങ്കണവാടിയിൽ ബോധവത്കരണ ക്ലാസും നടത്തി.ഡോ. മംമ്ത മനോഹർ, എച്ച്.ഐ. ടെനിസൻ തോമസ് എന്നിവർ ക്ലാസെടുത്തു. അങ്കണവാടി വർക്കർ കെ. ജീജ പ്രസംഗിച്ചു. പ്രദേശം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണുള്ളത്. ചെള്ളുപനി ബാധിച്ച രോഗി ആസ്പത്രിയിൽ സുഖംപ്രാപിച്ചുവരുന്നു.

Share this story