ആലപ്പുഴയിൽ സ്‌കൂൾ വിദ്യാർഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; 12 പേർ ചികിത്സതേടി
ആലപ്പുഴ: ആലപ്പുഴ ലിയോതേര്‍ട്ടീന്ത് എച്ച്.എസ്.എസിലെ 27 വിദ്യാര്‍ഥികള്‍ക്ക് രണ്ടുദിവസത്തിനിടെ കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും . 12 പേര്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.കൈയിലും കഴുത്തിലും വയറിലുമാണ് ചൊറിച്ചിലുണ്ടായത്. വിവരമറിഞ്ഞ് മാതാപിതാക്കളും ആശുപത്രിയിലെത്തിയിരുന്നു.
പ്ലസ്വണ്‍ സയന്‍സ് ബാച്ച് വിദ്യാര്‍ഥികളായ ആസിഫലി (16), മുഹമ്മദ് ആരിഫ് (16), മുഹമ്മദ് മുഹ്‌സിന്‍ (16), അഭിനവ് ജോസഫ് (16), ആര്‍.പി. റിജോ (16), ഷാരോണ്‍ ടി. ജോസ് (16) എന്നിവരടക്കമുള്ളവരാണ് ചികിത്സതേടിയത്. ഇതില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട ഷാരോണ്‍ ടി. ജോസിനെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ നിരീക്ഷണത്തിലിരുത്തിയശേഷം വിട്ടയച്ചു. മറ്റൊരുവിഭാഗം വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നറിയച്ചതനസുസരിച്ച് ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ സംഘം സ്‌കൂളിലെത്തി പരിശോധിച്ചശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു.
തിങ്കളാഴ്ചയും സമാനമായ ബുദ്ധിമുട്ട് ചില വിദ്യാര്‍ഥികള്‍ക്കുണ്ടായി. ഇതോടെ ചൊവ്വാഴ്ച ദേശീയ വിരവിമുക്തദിനത്തിന്റെ ഭാഗമായി ഉച്ചഭക്ഷണത്തിനുശേഷം നല്‍കാനിരുന്ന ഗുളിക വിതരണവും മാറ്റിവെച്ചു. അഭിനന്ദ് (16), സനൂപ് (16), സ്റ്റീവ് (16) എന്നിവരാണ് തിങ്കളാഴ്ച ചികിത്സതേടിയത്.ഇതേത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചു. ചൊവ്വാഴ്ച ആരോഗ്യവിഭാഗം സ്‌കൂളിലെത്തി ക്ലാസ് മുറികള്‍ അണുവിമുതമാക്കി മടങ്ങിയതിന് പിന്നാലെയാണ് വീണ്ടും പ്രശ്‌നമുണ്ടായത്.
നനഞ്ഞിരിക്കുന്ന ക്ലാസ് മുറിയില്‍ ബാഗുവെച്ച് പുറത്തിറങ്ങിയ കുട്ടികള്‍ക്കാണ് ആദ്യം അസ്വസ്ഥതയുണ്ടായത്. പിന്നീട് ഹയര്‍സെക്കന്‍ഡറി ബ്ലോക്കിലെ മറ്റു കുട്ടികള്‍ക്കും ചൊറിച്ചിലനുഭവപ്പെടുകയായിരുന്നു.കൂട്ടത്തോടെ ചൊറിച്ചില്‍ അനുഭവപ്പെട്ട ക്ലാസ് മുറിയില്‍ പ്രാണികളുടെ ശല്യമുണ്ടോയെന്ന് സംശയിക്കുന്നതായി ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പി.ജെ. യേശുദാസ് പറഞ്ഞു.